പന്തളം: പട്ടാപ്പകൽ വീടിനുള്ളിൽ അതിക്രമിച്ചുകയറി ബലപ്രയോഗത്തിലൂടെ വയോധികയുടെ സ്വർണവും പണവും കവർന്നകേസിൽ സഹോദരന്മാരും, അയൽവാസിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. രണ്ടാംപ്രതി മലയാലപ്പുഴ പത്തിശ്ശേരി താഴം ചേറാടി ലക്ഷംവീട് കോളനിയിൽ സിജി ഭവനിൽ സുഗുണൻ എന്ന സിജു (28) ഇയാളുടെ അനുജനും മൂന്നാം പ്രതിയുമായ സുനിൽ രാജേഷ് (25), പരിസരവാസി പന്തളം തോന്നല്ലൂർ ആനന്ദവിലാസം വീട്ടിൽ എസ്. ആദർശ് (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 12ന് പന്തളം കടയ്ക്കാട് വടക്ക് പനാറയിൽ പരേതനായ അനന്തൻ പിള്ളയുടെ ഭാര്യ എസ്. ശാന്തകുമാരിയുടെ വീട്ടിലാണ് കവർച്ച നടത്തിയത്. നാലുപവൻ സ്വർണവും 8000 രൂപയുമാണ് കവർന്നത്. തെളിവെടുപ്പന് തിങ്കളാഴ്ച വൈകീട്ട് പ്രതികളായ സുഗുണൻ, സുനിൽ എന്നിവരെ ശാന്തകുമാരിയുടെ വീട്ടിലെത്തിച്ചു. ശാന്തകുമാരി പ്രതികളെ തിരിച്ചറിഞ്ഞു.
നൂറനാട്, അടൂർ, ആറന്മുള, പത്തനംതിട്ട, റാന്നി-പെരുനാട്, ചിറ്റാർ, കോട്ടയം പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ് സിജു. വിവിധ കേസുകളിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സുനിൽ രാജേഷ് ജൂവനൈൽ ഹോമിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒന്നാം പ്രതി പന്തളം തോന്നല്ലൂർ ഉളമയിൽ റാഷിഖ് (19) നേരത്തേ അറസ്റ്റിലായിരുന്നു. റാഷിഖ് വെള്ളം ചോദിച്ച് വീട്ടിൽ കയറിയ ശേഷം പുറത്തേക്ക് പോയി വഴിയരികിൽ കാവൽനിന്നു. പരിസരവാസിയായ ആദർശ് കവർച്ചക്കുശേഷം ഇരുവരെയും ബൈക്കിൽ റാന്നിയിൽ എത്തിക്കുകയായിരുന്നു.
ജയിലിൽെവച്ചാണ് റാഷിഖും രണ്ടും മൂന്നും പ്രതികളും പരിചയപ്പെടുന്നത്. റാഷിഖ് അറിയിച്ചതനുസരിച്ചാണ് ഇവർ പന്തളത്ത് എത്തിയത്. മുമ്പ് ഒരുതവണ നാലംഗസംഘം ചേർന്ന് വയോധികയുടെ വീട്ടിൽ കവർച്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അന്നു സമീപത്തെ അച്ചൻകോവിലാറ്റിലെ കടവിലെത്തി സംഘം മദ്യപിച്ചു മടങ്ങുകയായിരുന്നു.
അതിഥി തൊഴിലാളികളുടെ പണം മോഷ്ടിച്ച കേസിൽ റാഷിഖ് മുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. റാന്നിയിൽ വാടകക്ക് താമസിക്കുകയായിരുന്നു അറസ്റ്റിലായ സിജവും സുനിലും. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കോഴഞ്ചേരി തേക്കേമല, പത്തനംതിട്ട ആനപ്പാറ എന്നിവിടങ്ങളിലെ സ്വകാര്യ ബാങ്കുകളിൽ പണയംവെച്ചു. ബാക്കി വന്ന സ്വർണം വാര്യാപുരത്തെ മാർവാഡിക്ക് വിറ്റതായും പൊലീസ് പറഞ്ഞു. കിട്ടിയ പണം മോഷ്ടാക്കൾ ചെലവാക്കി. പണയംവെച്ച ഒരു വളയും മോതിരവും തെക്കേമലയിലെ ബാങ്കിൽനിന്ന് പൊലീസ് കണ്ടെത്തി.
ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനി, അടൂർ ഡിവൈ.എസ്.പി ആർ. ബിനു, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, എസ്.ഐമാരായ ബി.എസ്. ശ്രീജിത്, സി.കെ. വേണു, സി.പി.ഒമാരായ വി.എസ്. ശരത്, എസ്. കൃഷ്ണദാസ്, ജി. അജിത്, ജി. മനോജ്, സന്ദീപ്, ജി. സുധാഷ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.