ന്യൂഡൽഹി: മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് അടിയേറ്റ് മരിച്ചു. ഡൽഹിയിൽ ജി20 ഉച്ചകോടി നടക്കുമ്പോഴാണ് സംഭവം. ഡൽഹിയിലെ സഞ്ജയ് കോളനി ഭാഗത്താണ് സംഭവം. പോർട്ടറായി ജോലി ചെയ്യുന്ന മുഹമ്മദ് ഹനീഫ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒരു സംഘം ആൺകുട്ടികളിൽ നിന്ന് രണ്ട് ആൺമക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ഹനീഫിന് ഇഷ്ടിക കൊണ്ടുള്ള അടിയേറ്റത്. പോർട്ടറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. സംഘർഷത്തിൽ ഇദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾക്കും പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ഹനീഫിന്റെ മകൻ ബൈക്കിൽ വീട്ടിൽ നിന്ന് പുറത്തുപോയിരിക്കുകയായിരുന്നു. ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കുറച്ച് ആൺകുട്ടികൾ ബൈക്കിൽ കേറിയിരിക്കുന്നത് തടയാൻ കുട്ടി ശ്രമിച്ചു. അവരോട് ബൈക്കിൽനിന്നിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സംഘം വഴങ്ങിയില്ല. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് കൈയേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു.
ഇതെല്ലാം ഹനീഫ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം വീട്ടിൽ നിന്ന് പുറത്തുവന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അക്രമി സംഘം ഇഷ്ടികൊണ്ട് അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് ഉടൻ ഹനീഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.