ദേവസ്വം ബോർഡ് നിയമനത്തട്ടിപ്പ്: ഇരയായത് അഞ്ച് ജില്ലക്കാർ, കാശുപോയവരും ഏജന്‍റുമാരായി

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വംബോർഡി‍െൻറ സ്ഥാപനങ്ങളിൽ നിയമനം നൽകാമെന്ന് വിശ്വസിപ്പിച്ച് മാവേലിക്കര സ്വദേശികൾ കോടികൾ തട്ടിയ കേസ് സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പുകളിലൊന്നായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി നൂറോളം പേരിൽനിന്ന് നാലുകോടി തട്ടിയെടുത്തെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായി. തുക 10കോടി കടക്കാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്നു. ആറ് ജില്ലകളിലെ സ്റ്റേഷനുകളിലായി 60 കേസുകളാണ് എടുത്തിട്ടുള്ളത്. പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന പൊലീസ് ഡിപ്പാർട്മെന്‍റിലെ മൂന്ന് ഗ്രേഡ് എസ്.ഐമാർ സസ്പെൻഷനിലുമായി.

തട്ടിപ്പിന് ഇരയായവരിൽ പലരും റിക്രൂട്ടിങ് ഏജന്‍റുമാരായി കമീഷൻ പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. 2017ലാണ് പ്രതികൾ തട്ടിപ്പ് തുടങ്ങിയത്. ചെട്ടിക്കുളങ്ങര കടവൂർ കല്ലിട്ടകടവിൽ വിനീഷ് രാജൻ (34), കടവൂർ സ്വദേശി രാജേഷ് (34), പേള പള്ളിയമ്പിൽ അരുൺ (24), കണ്ണമംഗലം സ്വദേശിനി ബിന്ദു (43), പല്ലാരിമംഗലം മങ്ങാട്ട് സന്തോഷ് കുമാർ (52) തുടങ്ങിയവരാണ് മുഖ്യപ്രതികൾ. പ്രതികളിലൊരാളായ ഈരേഴവടക്ക് സ്വദേശി ദീപു ത്യാഗരാജൻ (34) വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. 14 പേരാണ് ഇതുവരെ പിടിയിലായത്. 2017 മുതൽ തട്ടിപ്പ് തുടങ്ങിയെങ്കിലും കബളിപ്പിക്കപ്പെട്ടവരിൽ മിക്കവരും പരാതിപ്പെട്ടില്ല. പണം തിരികെച്ചോദിക്കുന്നവരോട് തട്ടിപ്പിന് ഇടനിലക്കാരാകാനാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഇങ്ങനെയുള്ളവർക്ക് പുതിയ ഇരകളിൽനിന്ന് വാങ്ങുന്ന പണത്തി‍െൻറ 30-40 ശതമാനം കമീഷനായി നൽകിയിരുന്നു.

നിയമനം മോഹിച്ച് ആദ്യം തട്ടിപ്പുകാർക്ക് നൽകിയതിനെക്കാൾ തുക ഇത്തരത്തിൽ സമ്പാദിച്ചവരുണ്ട്. തങ്ങൾക്കൊപ്പം പണം നൽകിയവരെ പരാതിയിൽനിന്ന് പിന്തിരിപ്പിക്കാനും ഇക്കൂട്ടർ ശ്രമിച്ചു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ അഡ്വൈസ്‌ മെമ്മോയുടെയും നിയമന ഉത്തരവി‍െൻറയും പകർപ്പ് തയാറാക്കിയായിരുന്നു തട്ടിപ്പ്. ക്ലർക്ക്, പ്യൂൺ, വാച്ചർ, കഴകം തുടങ്ങിയ തസ്തികകളിലേക്കാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സീനിയർ സൂപ്രണ്ടി‍െൻറ പേരിൽ 'ഉത്തരവ്' നൽകിവന്നത്. ചെട്ടിക്കുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനം കെ.ജെ. സിനി (സിനി എസ്.പിള്ള -47), മകൻ അനന്തകൃഷ്ണൻ (അനന്തു -23) എന്നിവരാണ് ഒടുവിൽ പിടിയിലായത്. 20പേരിൽനിന്ന് ലക്ഷക്കണക്കിന് രൂപ സിനിയും അനന്തകൃഷ്ണനും വാങ്ങി വിനീഷിന് നൽകുകയും കമീഷൻ പറ്റുകയും ചെയ്തു.

Tags:    
News Summary - Devaswom Board Recruitment Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.