വൈപ്പിന്‍: ഭര്‍തൃ വീട്ടില്‍ യുവതിക്കെതിരെ ശാരീരികവും മാനസികവുമായ പീഡനമെന്ന പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ മുനമ്പം പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ വാളകം കുന്നക്കല്‍ എള്ളില്വീട്ടില് ബാബുവിന്റെ മകള്‍ അശ്വതി നല്കിയ പരാതിയിലാണ് കേസ്. ഭര്‍ത്താവ് ചെറായി പറമ്പാടി അമല്‍ (36), പിതാവ് ബാബു (63), മാതാവ് ഗിരിജ (55) എന്നിവര്‍ക്കെതിരെയാണ് കേസ്. 2013ലായിരുന്നു വിവാഹം. 2020ല്‍ ആണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്.
വിവാഹശേഷം പലപ്പോഴും അമലിന്റെ മാതാപിതാക്കള്‍ അശ്വതിയെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുമായിരുന്നു. പ്രസവത്തിന് മുന്നോടിയായി അശ്വതി സ്വന്തം വീട്ടില്‍ വന്നു നിന്നതിന്ശേഷമാണ് അമല്‍ അകല്‍ച്ച കാണിച്ചത്. പിന്നീട്, ഭര്‍തൃവീട്ടിലെത്തിയ അശ്വതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചിരുന്നെന്ന് അശ്വതി പരാതിയില്‍ പറയുന്നു. ജോലി ചെയ്തിരുന്നപ്പോള്‍ ലഭിച്ച ശമ്പളവും, ജോലി നിര്ത്തിപ്പോന്നപ്പോള് ലഭിച്ച പ്രോവിഡന്റ് ഫണ്ടും, ആറേമുക്കാല്‍ പവന് സ്വര്‍ണാഭരണങ്ങളും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. ദേഹോപദ്രവം സഹിക്കാതെ വന്നപ്പോള്‍ ആദ്യം വനിതാ സെല്ലിലും പിന്നീട് മുനമ്പം പൊലീസിലും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിന്റെ ദേഷ്യത്തിലായി പിന്നീട് മര്‍ദനം. ഇതോടെ അശ്വതിയും കുട്ടിയും ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും പോരുകയും നായരമ്പലത്തെ ബന്ധുവീട്ടില്‍ താമസമാക്കുകയും ചെയ്തു.
മകളെയും തന്നെയും കൊല്ലുമെന്ന ഭീഷണി മുഴക്കിയതോടെയാണ് വീണ്ടും പൊലീസില്‍ പരാതി നല്കിയതത്രേ. എന്നാല്‍ കേസെടുത്ത് മൂന്നാഴ്ചയായെങ്കിലും മറ്റു നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.