കൊച്ചി: ടാക്സി കാർ ഓട്ടം വിളിച്ച് ഡ്രൈവറെ കൊലപ്പെടുത്തി മോഷ്ടിച്ച കേസിലെ രണ്ടുപ്രതികളെ ഹൈകോടതി വെറുതെവിട്ടു. പെരുമ്പാവൂർ ഏഴിപ്രം മുള്ളൻകുന്ന് തച്ചരുകുടി ഹൈദരാലിയെ (46) 2012 ആഗസ്റ്റ് 16ന് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ഒന്നാം പ്രതി ഇടുക്കി പള്ളിവാസൽ പോതമേട് മണി (ശെൽവിൻ), അഞ്ചാം പ്രതി തേനി സ്വദേശി പാണ്ടി എന്നിവരെയാണ് ഡിവിഷൻ ബെഞ്ച് വെറുതെവിട്ടത്. 2016 ജൂലൈ 26ന് എറണാകുളം അഡീഷനൽ സെഷൻസ് കോടതി വിധിച്ച മണിയുടെ ജീവപര്യന്തം തടവും പാണ്ടിയുടെ ഒരുവർഷം കഠിനതടവും റദ്ദാക്കിയാണ് ഉത്തരവ്. ഇവർ കസ്റ്റഡിയിലാണെങ്കിൽ ഉടൻ വിട്ടയക്കണമെന്നും ജാമ്യത്തിലാണെങ്കിൽ ജാമ്യബോണ്ട് റദ്ദാക്കണമെന്നും നിർദേശിച്ചു. നഷ്ടപരിഹാര പദ്ധതിപ്രകാരം ഹൈദരാലിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കാൻ ലീഗൽ സർവിസസ് അതോറിറ്റി മെംബർ സെക്രട്ടറി ബന്ധപ്പെട്ട ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശം നൽകണം.
പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റാൻഡിൽനിന്നാണ് ആഗസ്റ്റ് 15ന് ഉച്ചക്ക് മണി കാർ ഓട്ടം വിളിക്കുകയും താലൂക്ക് ആശുപത്രിക്കുമുന്നിൽനിന്ന് മൂന്ന് പേർകൂടി കയറുകയും ചുറ്റികയും കമ്പിയുംകൊണ്ട് അടിച്ചശേഷം കയർ കഴുത്തിൽ മുറുക്കി മരണം ഉറപ്പാക്കിയെന്നാണ് കേസ്. തുടർന്ന് മൃതദേഹം തീ കൊളുത്തി തിരിച്ചറിയാൻ കഴിയാത്തവിധമാക്കി.
മൃഗീയ കൊലപാതകമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം കൂടുതൽ ജാഗ്രതയോടും വൈദഗ്ധ്യത്തോടെയും ബുദ്ധിവൈഭവത്തോടെയും നടത്തേണ്ടിയിരുെന്നന്നും അഭിപ്രായപ്പെട്ടു. അന്വേഷണത്തിെൻറയും പ്രോസിക്യൂഷെൻറയും കഴിവില്ലായ്മ മൂലം സാഹചര്യത്തെളിവുകൾ പ്രതികൾക്കെതിരെ സ്ഥാപിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടെടുത്ത വസ്തുക്കളുടെ കാര്യവും തെളിയിച്ചിട്ടില്ല, ഒട്ടേറെ സാക്ഷികൾ കൂറുമാറി. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ തെളിവുകളാണ് സെഷൻസ് കോടതി ആധാരമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥെൻറ തെളിവുകൾ കരുത്തില്ലാത്തതാണ്. കണ്ടെടുത്ത കാർ ഹൈദരാലിയുടെയാണെന്ന് സ്ഥാപിച്ചിട്ടില്ലെന്നത് പ്രോസിക്യൂഷെൻറ പരാജയം തുറന്നുകാട്ടുന്നു. വ്യക്തവും പൂർണമായതുമായ തെളിവുകൾ ഇല്ലാതിരുന്നിട്ടും പ്രതികളെ ശിക്ഷിക്കാനുള്ള അമിത താൽപര്യമാണ് സെഷൻസ് കോടതി പ്രകടിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. നാലാം പ്രതിക്ക് താൽപര്യമുണ്ടെങ്കിൽ അപ്പീലിന് പ്രാപ്തനാക്കണമെന്നും പാർപ്പിച്ച ജയിലിൽ അന്വേഷിച്ച് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.