പരപ്പനങ്ങാടി: പരപ്പനങ്ങാടി, വള്ളിക്കുന്ന് ഭാഗങ്ങളിലെ പൊതുസ്ഥലങ്ങളും ബീച്ചുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപനയും ഉപയോഗവും നടത്തിയ 12 പേർ പിടിയിൽ. രണ്ടുപേർ കഞ്ചാവ് വിൽപനക്കാരും 10 പേർ ഉപയോഗിച്ചവരുമാണ്. ഒരാൾ സ്കൂൾ വിദ്യാർഥിയാണ്.
വള്ളിക്കുന്ന് നോർത്തിലെ ജോഷി (48), ആനങ്ങാടി ഹരിജൻ കോളനിയിലെ ഷെഫീഖ് (35) എന്നിവരെ അരിയല്ലൂരിലെ സ്വകാര്യ ഗാർഡന് പിറകുവശത്തെ ബീച്ചിലും താലപ്പൊലിപ്പറമ്പിന് സമീപത്തും കഞ്ചാവ് കച്ചവടം നടത്തിയതിനാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖിന്‍റെ പേരിൽ എൻ.ഡി.പി.എസ് നിയമപ്രകാരം മൂന്ന് കേസുകൾ നിലവിലുണ്ട്.
താലപ്പൊലിപ്പറമ്പിന് സമീപത്തെ വീട്ടിലായിരുന്നു ജോഷി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പൊതി ഒന്നിന് 500 രൂപ മുതൽ മുകളിലേക്കാണ് വില ഈടാക്കിയതെന്ന് പൊലീസ് പറഞ്ഞു. താലപ്പൊലിപ്പറമ്പിൽ വൈകീട്ട് വരുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്കാണ് ഇയാൾ കഞ്ചാവ് വിറ്റത്. വള്ളിക്കുന്ന് റെയിൽവേ അണ്ടർ പാസിന് സമീപത്തുനിന്നും ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്തുനിന്നും അരിയല്ലൂരിലെ സ്വകാര്യ നഴ്സറി, പരപ്പനങ്ങാടി പുത്തരിക്കൽ, മുനിസിപ്പൽ ഫിഷ് മാർക്കറ്റ്, അഞ്ചപ്പുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാർഥി ഉൾപ്പെടെ 10 പേർപിടിയിലായത്.
അരിയല്ലൂർ കരുമരക്കാട് സ്വദേശി അമൽ ബാജി, കടലുണ്ടി നഗരം സ്വദേശികളായ അജീഷ്, ഹാഷിം അൻവർ, ഷഹദ്, അരിയല്ലൂർ സ്വദേശി നബീൽ, ചുടലപ്പറമ്പ് സ്വദേശി മുഹമ്മദ് അലി, പരപ്പനങ്ങാടി സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഷാഹുൽ, വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയായ 14കാരനായ വിദ്യാർഥി എന്നിവരെയാണ് കഞ്ചാവ് ഉപയോഗത്തിനിടെ അറസ്റ്റ് ചെയ്തത്.
വിൽപന നടത്തിയ കേസിൽ പ്രതികൾക്ക് രണ്ടു വർഷം തടവും പിഴയും ശിക്ഷ ലഭിക്കുമെന്നും കഞ്ചാവ് ഉപയോഗിച്ചാൽ ഒരു വർഷം തടവും പിഴയും ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ്, എസ്.ഐ മാരായ പ്രദീപ് കുമാർ, ബാബുരാജ്, പരമേശ്വരൻ, പൊലീസുകാരായ പ്രീത, മഹേഷ്, പ്രബീഷ്, സനൽ, ദിലീപ്, താനൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ, വിപിൻ, ജിനേഷ്, സബറുദ്ദീൻ, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.