ചാരൂംമൂട്: സ്കൂട്ടറിൽ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി ജില്ലയിലെ പ്രധാന ലഹരി മാഫിയ തലവനും കൂട്ടാളിയും അറസ്റ്റിൽ. നൂറനാട് പുതുപ്പള്ളിക്കുന്നം ഖാൻ മൻസിലിൽ ഷൈജുഖാൻ (40), കൊല്ലം ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയിൽ സിജി ഭവനം ഗോപകുമാർ (40) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് പൊലീസ് പരിശോധനക്കിടെ സ്കൂട്ടറിൽ വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി ഇവർ പിടിയിലാവുകയായിരുന്നു. പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ച ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
കുറച്ചുനാൾ മുമ്പ് വരെ ചാരുംമൂട് കിഴക്ക് ഭാഗത്ത് കനാൽ പുറമ്പോക്കിൽ അനധികൃത തട്ടുകടക്കൊപ്പം കഞ്ചാവ് വിൽപന നടത്തിവരുകയായിരുന്നു ഷൈജുഖാൻ. തട്ടുകടയിൽ നാല് ദോശയും ചമ്മന്തിയും സാമ്പാറും അടങ്ങിയ പാർസലിന് 500 രൂപയാണ് ഈടാക്കിയിരുന്നത്. കഞ്ചാവ് ആവശ്യമുള്ളവർക്ക് വേണ്ടിയാണ് 500 രൂപയുടെ പാർസൽ കൊടുത്തിരുന്നത്. കടയിൽനിന്ന് വാങ്ങുന്ന പാർസലിൽ ദോശയും ചമ്മന്തിയും സാമ്പാറും മാത്രമേ ഉണ്ടാവൂ. ബാക്കി തുകക്കുള്ള കഞ്ചാവ് മറ്റൊരു സ്ഥലത്തുനിന്ന് അന്തർസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് വിതരണം ചെയ്തിരുന്നത്. മാവേലിക്കര എക്സൈസ് കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തതോടെയാണ് ഷൈജുഖാനെക്കുറിച്ച് വിവരംകിട്ടിയത്.
തുടർന്ന് ഒളിവിൽപോയ ഇയാൾ കോടതിയിൽ കീഴടങ്ങി. ഇതിനിടെ അനധികൃതമായി പ്രവർത്തിച്ച തട്ടുകട പഞ്ചായത്ത് അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. തട്ടുകട വഴിയുള്ള കഞ്ചാവ് കച്ചവടം നിലച്ചതോടെ ഷൈജുഖാൻ ഗോപകുമാറുമായി ചങ്ങാത്തം സ്ഥാപിച്ചു. ഉത്സവ സീസണിൽ ക്ഷേത്രപരിസരങ്ങളിൽ ഐസ്ക്രീം കച്ചവടം നടത്തുന്നയാളാണ് ഗോപകുമാർ. ഇരുവരും ചേർന്ന് ഉത്സവപ്പറമ്പുകളിൽ ഐസ്ക്രീം കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഭാഗത്തുള്ള അമ്പലങ്ങളിൽ വിൽപനക്കായി സ്കൂട്ടറിൽ കഞ്ചാവ് കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്.
ഷൈജുഖാൻ നിരവധി ഗുണ്ട ആക്രമണങ്ങളിലും പ്രതിയാണ്. കാപ്പ നിയമ പ്രകാരം നടപടിയെടുക്കാനുള്ള തീരുമാനം എറണാകുളം ഡി.ഐ.ജി ഡോ. ആർ. ശ്രീനിവാസ് ശരിവെച്ചിരുന്നു. തുടർന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫിസിൽ ഒപ്പിട്ട് വരുന്നതിനിടെയാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്. പിടിയിലായ സമയം മുതൽ ഇയാളുടെ ഫോണിലേക്ക് 270 വിളികൾ കഞ്ചാവ് അന്വേഷിച്ച് എത്തിയായി പൊലീസ് പറഞ്ഞു.വിളിച്ച മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രതികൾ കൊണ്ടുവന്ന സ്കൂട്ടറും കണ്ടെടുത്തു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.