ചെറുതോണി: ജില്ല ആസ്ഥാനത്ത് പൈനാവ് എൻജിനീയറിങ് കോളജിന് സമീപവും മറ്റ് വിദ്യാലയങ്ങളുടെ പരിസരത്തും വൻതോതിൽ കഞ്ചാവും ലഹരിവസ്തുക്കളും വിറ്റഴിക്കുന്നു. പിന്നിൽ വൻ മാഫിയകൾ പ്രവർത്തിക്കുന്നതായാണ് വിവരം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടാഴ്ച മുമ്പ് നാല് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് ഇവർ നാല് പേരെയും അനിശ്ചിതകാലത്തേക്ക് കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇതിൽ രണ്ടു കുട്ടികളെ ഉന്നത സ്വാധീനത്താൽ ഏതാനും ദിവസം മുമ്പ് തിരിച്ചെടുത്തിരുന്നു.
വ്യാജമദ്യം മുതൽ കഞ്ചാവ് വരെ സുലഭമായി വിദ്യാർഥികൾക്കടക്കം ലഭിക്കുന്നുണ്ട്. ആവശ്യക്കാർക്ക് സ്ഥലത്തെത്തിച്ചു നൽകുന്ന ഏജന്‍റുമാരായും വിദ്യാർഥികൾ പ്രവർത്തിക്കുന്നുണ്ട്. വിൽപനക്കാരുടെ ഫോൺ നമ്പറുകൾ ആവശ്യക്കാർക്കു നൽകിയിട്ടുണ്ട്. ഇവരെ ഫോണിൽ ബന്ധപ്പെട്ടാൽ ലഹരിവസ്തുക്കൾ സ്ഥലത്തെത്തിച്ചു നൽകും. ചില വിദ്യാർഥികൾ കഞ്ചാവിന് അടിമകളാണന്ന് സഹപാഠികൾ പറയുന്നു. വിവിധ ജില്ലകളിൽനിന്ന് ഇവിടെയെത്തി ഹോസ്റ്റലിൽ താമസിക്കുന്നവരാണധികവും.
കഞ്ഞിക്കുഴി, തള്ളക്കാനം, ചേലച്ചുവട് എന്നിവടങ്ങളിൽ സ്കൂൾ സമീപ പ്രദേശങ്ങളിലും അടുത്തകാലത്തായി ലഹരിവസ്തു വിൽപന വ്യാപകമായതായി പരാതിയുണ്ട്. ചേലച്ചുവട് കട്ടിങ്ങിൽ ടൂറിസ്റ്റുകളെന്ന വ്യാജേന കല്ലുമ്മേക്കല്ലിന്‍റെ ചുവട്ടിലെത്തി കഞ്ചാവ് കൈമാറ്റവും വിൽപനയും നടത്തുന്നതായാണ് വിവരം. ഒരു കിലോയിൽ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാൽ അന്നുതന്നെ ജാമ്യം കിട്ടുമെന്നതിനാൽ ചെറു പൊതികളാക്കിയാണ് വിൽപന. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് ഇവിടെ കഞ്ചാവെത്തുന്നതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.