ആലുവ: കൊറിയർവഴി ലഹരികടത്ത് അന്വേഷിക്കാൻ റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അങ്കമാലിയിലും കുട്ടമശ്ശേരിയിലുമുള്ള കൊറിയർ സ്ഥാപനങ്ങൾ വഴി 400 ഗ്രാം രാസലഹരിയാണ് ജില്ലയിലെത്തിയത്. ഇതിന് മാത്രം 40 ലക്ഷം രൂപ വില വരും. മഹാരാഷ്ടയിൽനിന്നാണ് കൊറിയർ അയച്ചത്. സംസ്ഥാനന്തര മയക്കുമരുന്ന് സംഘമാണ് ഇതിന് പിന്നിൽ. വിദേശീയരും സംഘത്തിലുണ്ടെന്നാണ് സൂചന. വിദ്യാർഥികളും യുവാക്കളും ചില സെലിബ്രറ്റികളുമാണ് ആവശ്യക്കാർ.
അങ്കമാലി കൊറിയർ സ്ഥാപനത്തിൽനിന്ന് രാസലഹരി അടങ്ങുന്ന പാക്കറ്റ് കൈപ്പറ്റി മടങ്ങുമ്പോൾ പിടിയിലായ ചെങ്ങമനാട് സ്വദേശി അജ്മൽ ഇതിന് മുമ്പ് നാല് പ്രാവശ്യം ലക്ഷങ്ങൾ വിലവരുന്ന രാസലഹരി കടത്തി വിറ്റിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതും കൊറിയർ വഴി കടത്തിയതാണ്. പലപ്പോഴും മേൽവിലാസക്കാരനായിരിക്കില്ല കൊറിയർ കൈപ്പറ്റുന്നത്.
അങ്കമാലിയിലും തോട്ടമുഖത്തും രാഹുൽ എന്നയാളുടെ വിലാസത്തിലാണ് കൊറിയർ വന്നത്. കൈപ്പറ്റാനെത്തിയത് അജ്മലും. ഇയാളും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളുമാണ്.
ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊറിയർ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മുംബൈയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. മയക്കുമരുന്ന് സംഘത്തിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടി കാപ്പ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ 65 ലക്ഷം രൂപയോളം വില വരുന്ന 650 ഗ്രാമോളം രാസലഹരിയാണ് റൂറൽ ജില്ലയിൽ പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.