ഗാന്ധിനഗർ: കോട്ടയം ചവിട്ടുവരി കവലക്കുസമീപം എം.സി റോഡരികിൽ മാരുതി ഷോറൂമിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിലെ എട്ടു കടകളിൽ മോഷണം. വിവിധ സ്ഥാപനങ്ങളിൽനിന്നായി 20,000 രൂപ നഷ്ടമായി. കടകളിലുണ്ടായിരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല.
ചൊവ്വാഴ്ച പുലർച്ച ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് മോഷണം. എയർടെൽ ബില്ലിങ് സ്ഥാപനം, കാർഡിയോ വേൾഡ്, വാഹന പുകപരിശോധന കട, എബി ഹോംസ്, അമ്മൂസ് വസ്ത്രവ്യാപാര സ്ഥാപനം, ഹിഡൻ ഹെയർ ബ്യൂട്ടി പാർലർ എന്നീ കടകളിലും എതിർവശത്തുള്ള ബ്രൈറ്റ് ഇലക്ട്രിക്കൽസ്, കവലക്ക് വടക്കുഭാഗത്തുള്ള അജിത് ഇന്റീരിയേഴ്സ് എന്നീ സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്.
തൊട്ടപ്പുറത്തെ ബാറ്ററിക്കടയിൽ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ബ്രൈറ്റ് ഇലക്ട്രിക്കൽസിൽനിന്ന് സി.സി ടി.വി കാമറയുടെ ജി.ഡി ആറും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറുകളുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് കടകളിൽ കയറിയിട്ടുള്ളത്. കമ്പിപ്പാര പൊലീസ് കണ്ടെടുത്തു. കടകടളിലെ സി.സി ടി.വികളിലും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മഴക്കോട്ട് ധരിച്ച ഒരാൾ കടകളിൽകയറി മേശതുറന്ന് പരിശോധിക്കുന്നതും മറ്റൊരാൾ കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് തകർക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മേശവലിപ്പിലുണ്ടായിരുന്ന ചില്ലറയടക്കം എടുത്തു. അമ്മൂസ് വസ്ത്രവ്യാപാര സ്ഥാപനത്തിലെ മേശവലിപ്പിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്.
പണം ലക്ഷ്യമിട്ടെത്തിയവരാണ് ഇവരെന്നാണ് കരുതുന്നത്. രാപകലില്ലാതെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന എം.സി റോഡിന്റെ ഇരുവശത്തുമുള്ള കടകളിലെ മോഷണം നാട്ടുകാരെയും പൊലീസിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും എത്തി തെളിവ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.