ആഗ്ര: ആക്രിക്കച്ചവടക്കാരനായ ആഗ്രയിലെ രാജേന്ദ്ര യാദവിനെ കൊലപ്പെടുത്തിയത് ഭാര്യ ജെമാവിന്‍റെ എട്ടാമത്തെ കാമുകനെന്ന് പൊലീസ്. രാജു എന്ന സുഖ്ദേവാണ് യുവതിയുടെ ഏഴാമത്തെ ഭർത്താവായ രാജേന്ദ്രയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. എട്ടാമത്തെ വിവാഹം കഴിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു.
ജൂൺ 26 നാണ് രാജേന്ദ്രയെ നടപ്പാതയിൽ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിറോസാബാദിലെ ജസ്രാന നിവാസിയാണ് രാജേന്ദ്ര യാദവ്. ആഗ്ര കോട്ടയ്ക്ക് മുന്നിലുള്ള കുടിലിലായിരുന്നു താമസം. കൊല്ലപ്പെടുമ്പോൾ ഭാര്യയും മൂന്ന് മക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നാലുപേർ വന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഓടിപ്പോയെന്നായിരുന്നു ഭാര്യ ജെമാവ് പൊലീസിന് നൽകിയ മൊഴി. എന്നാൽ, മൊഴിയിൽ പൊരുത്തക്കേട് തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാജേന്ദ്ര ഇവരുടെ ഏഴാമത്തെ ഭർത്താവാണെന്നും കൊന്നത് എട്ടാമത്തെ കാമുകനാണെന്നും കണ്ടെത്തിയത്. കൊലപാതകത്തിന്‍റെ തെളിവുകൾ നശിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഭാര്യ ജെമാവിനെ അറസ്റ്റ് ചെയ്തത്.
പ്രദേശത്തെ 70ഓളം സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കിയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊലപാതക ശേഷം രാജു ഓടിപ്പോകുന്ന ദൃശ്യം ഇതിൽനിന്ന് ലഭിച്ചിരുന്നു. ഇത് രാജേന്ദ്ര യാദവിന്‍റെ മകൾക്ക് പൊലീസ് കാണിച്ചപ്പോഴാണ് അമ്മയുടെ സുഹൃത്തായ രാജുവാണെന്ന് തിരിച്ചറിഞ്ഞത്. അയാൾ വീട്ടിൽ വരുമായിരുന്നുവെന്നും മകൾ പറഞ്ഞു. റായ്ബറേലി സ്വദേശിയായ പ്രതി പാനിപത്തിലെ ഒരു ആക്രിക്കടയിൽ ജോലി ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
താനും ജെമാവും പ്രണയത്തിലാണെന്ന് രാജു പോലീസിനോട് പറഞ്ഞു. ഒരുമിച്ച് താമസിക്കാൻ അവരുടെ ഭർത്താവ് രാജേന്ദ്ര തടസ്സമായതിനാലാണ് കൊലപ്പെടുത്തിയത്. ''ഭർത്താവിനെ ഉപേക്ഷിക്കാൻ ജെമാവ് വിസമ്മതിച്ചു. അന്ന് രാത്രി അവിടെയെത്തിയ താൻ രാജേന്ദ്രയെ ചെറിയ ഗ്യാസ് സിലിണ്ടർ കൊണ്ടടിച്ച് കൊലപ്പെടുത്തി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതക വിവരം ജെമാവും അറിഞ്ഞിരുന്നു'' -രാജു പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. കൊലപാതകത്തിന്‍റെ തെളിവ് നശിപ്പിക്കാൻ കൊലക്കുപയോഗിച്ച ഗ്യാസ് സിലിണ്ടറും രക്തം പുരണ്ട വസ്ത്രങ്ങളും ജെമാവ് ഒളിപ്പിച്ചതായും പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.