അഞ്ചൽ: മകന്‍റെ ക്രൂര മർദനത്തിനിരയായ വൃദ്ധമാതാവ് മരിച്ചു. ആയൂർ മണിയൻ മുക്ക് മാമൂട്ടിൽ വീട്ടിൽ അമ്മുക്കുട്ടിയമ്മ ( 80 ) യാണ് മരിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് അമ്മുക്കുട്ടിയമ്മയുടെ മകൻ അനി മോഹനനെ (40) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
ഏതാനും ദിവസം മുമ്പാണ് മകൻ അനി മോഹനൻ അമ്മുക്കുട്ടിയമ്മയെ മുറ്റത്തേക്ക് വലിച്ചെറിയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. ഇത് അയൽവാസികളിലൊരാൾ മൊബൈൽ ഫോണിൽ പകർത്തുകയുണ്ടായി. മർദ്ദനത്തെത്തുടർന്ന് അവശയായ അമ്മുക്കുട്ടിയമ്മയെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ രണ്ട് ദിവസത്തിന് ശേഷം അനി മോഹനൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. മാതാവിനെ മുറിക്കുള്ളിലാക്കി പൂട്ടിയിട്ടാണ് അനിമോഹനൻ പുറത്ത്പോകുന്നതെന്നും നിരന്തരം തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ ആരും അവിടേക്ക് പോകാറില്ലായിരുന്നുവെന്നും പരിസരവാസികൾ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അമ്മുക്കുട്ടിയമ്മ മരിച്ചത്. ഇതേത്തുടർന്ന് അനി മോഹനൻ അടുപ്പക്കാരായ ചിലരോട് അമ്മ മരിച്ചുവെന്നും സംസ്കരിക്കാൻ 5000 രൂപ കടം വേണമെന്നും പറഞ്ഞിരുന്നു. സംശയം തോന്നിയ നാട്ടുകാരിൽ ചിലർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ അമ്മുക്കുട്ടിയമ്മ മരിച്ചതായി ബോധ്യപ്പെട്ടത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് ചടയമംഗലം പൊലീസെത്തി നിയമ നടപടിക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനയച്ചു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെത്തുടർന്ന് അനി മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറെക്കാലമായി മാതാവും താനും മാത്രമാണ് വീട്ടിൽ താമസിച്ചുവന്നതെന്നും ആഹാരം കഴിക്കാത്തത് കൊണ്ടാണ് അമ്മയെ മർദിച്ചിരുന്നതെന്നും അനി മോഹനൻ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.