കോഴിക്കോട്ട് വയോധികയുടെ ആഭരണം കവർന്ന് വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ

കോഴിക്കോട്: പുലർച്ചെ ട്രെയിനിറങ്ങി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയെ ആഭരണം കവർന്ന ശേഷം വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ. ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. വയനാട് ഇരുളം സ്വദേശി ജോസഫീനയാണ് (67) കവർച്ചക്കിരയായത്. പരിക്കേറ്റ ഇവർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷയും ഡ്രൈവറെയും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. വീഴ്ചയിൽ പരിക്കേറ്റ വയോധിക പുലർച്ചെ റോഡിൽ മഴ നനഞ്ഞ് ഒരു മണിക്കൂറോളം കിടന്നിട്ടും അതുവഴി വന്നവർ സഹായിച്ചില്ലെന്നും പറയുന്നു. അര കിലോമീറ്ററോളം നടന്ന് ബസിൽ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. 

സംഭവത്തെപ്പറ്റി ജോസഫീന പറയുന്നത്: കായംകുളത്തുള്ള രണ്ടാമത്തെ മകന്റെ വീട്ടിൽ പോയി വയനാട്ടിലേക്ക് തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. പുലർച്ചെ 4.50ന് മലബാർ എക്സ്പ്രസിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ഒപ്പം നാല് സ്ത്രീകൾ ഉണ്ടായിരുന്നു. ഒരുമിച്ച് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ മഴ പെയ്തതോടെ ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ തൊട്ടടുത്ത ഹോട്ടലിൽ കയറി. ഈ സമയം അതുവഴി എത്തിയ ഓട്ടോക്കാരൻ വാഹനം നിർത്തി. മറ്റു വഴികളിലൂടെ പോയപ്പോൾ സംശയം തോന്നി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. ഓട്ടത്തിനിടയിൽ ഡ്രൈവർ ഒരു കൈ പിറകിലേക്ക് നീട്ടി മാല പൊട്ടിക്കുകയും ഓട്ടോയിൽനിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. വീഴ്ചയിൽ താടിയെല്ലിനും കൈ മുട്ടിനുമെല്ലാം മുറിവുണ്ടായി. ഷാൾ കൊണ്ട് മുറിവു കെട്ടി മഴയിൽ കിടക്കുമ്പോൾ അതുവഴി വന്ന പലരോടും സഹായം അഭ്യർഥിച്ചെങ്കിലും ആരും സഹായിച്ചില്ല. ഒടുവിൽ നടന്ന് പാളയം സ്റ്റാൻഡിലെത്തി കൂടരഞ്ഞിയിലുള്ള സഹോദരന്റെ വീട്ടിലേക്ക് ബസ് കയറി. കൂടരഞ്ഞിയിൽനിന്ന് ബന്ധുക്കളെത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രി അധികൃതർ ടൗൺ പൊലീസിൽ വിവരം അറിയിച്ചതോടെ പൊലീസെത്തി ജോസഫീനയിൽനിന്ന് മൊഴിയെടുത്തു. കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Tags:    
News Summary - Elderly woman's jewelery snatched by auto driver and pushed on the road in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.