ആലുവ: വീടുകളിൽ മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ െവച്ച് പൊലീസിനെ വെടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ്, ഡാനിഷ് എന്നിവരെയാണ് ആലുവ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഞായറാഴ്ച കോടതി റിമാൻഡ് ചെയ്തിരുന്ന പ്രതികളെ തിങ്കളാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്. മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ, മോഷണ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങി സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
ഉത്തരാഖണ്ഡിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് സജാദ്. ഡാനിഷ് കൂലിപ്പണിക്കാരനും. 2018ൽ വെള്ളപ്പൊക്ക സമയത്ത് ഡാനിഷ് കേരളത്തിൽ ജോലിക്ക് വന്നിട്ടുണ്ട്. കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ച് നാട്ടിലെത്തിയ ഡാനിഷ് സജാദിനെ ധരിപ്പിച്ചു. പിന്നീട്, രണ്ട് പേരും കൂടി മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു. 22,000 രൂപ മുടക്കി ബീഹാറിൽ നിന്ന് രണ്ട് തോക്ക് വാങ്ങി. ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ നിന്ന് ആലുവക്ക് ട്രയിൻ കയറി. എട്ടിന് ആലുവയിലെത്തി. ആളില്ലാത്ത വീടുകൾ തപ്പിയിറങ്ങി. പുറമെ നിന്ന് താഴിട്ട് പൂട്ടിയ വീടുകളായിരുന്നു ലക്ഷ്യം. ഇതിനിടയിൽ മുടിക്കലിലെ കളിസ്ഥലത്ത് നിന്ന് സംഘം ബൈക്കും മോഷ്ടിച്ചു. പിന്നീട്, അതിലായി യാത്ര. രാത്രി കുട്ടമശ്ശേരിയിലെ വീട്ടിൽ ചെറിയ കമ്പിയും സ്ക്രൂവും ഉപയോഗിച്ച് പൂട്ട് തുറന്ന് മോഷണം നടത്തി.
തുടർന്ന് മോഷ്ടിച്ച ബൈക്ക് ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ചു. രാത്രി തന്നെ ആലുവയിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് പകലും രാത്രിയും കറങ്ങി നടന്ന് വീട് കണ്ടുെവച്ച് രണ്ടു വീടുകളിൽ മോഷണം നടത്തി. അവിടെയും കമ്പിയും സ്ക്രൂവും ആയിരുന്നു ആയുധം. മോഷണത്തിന് ശേഷം ബസിൽ തൃശൂരെത്തി. അവിടെ നിന്നും മധ്യപ്രദേശിലേക്ക് തീവണ്ടി കയറി.
അവിടെയും മോഷണത്തിന് ശ്രമിച്ചു. ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പ്രത്യേക അന്വേഷണ സംഘം ഇവരെ പിന്തുടർന്നു. ഇതിനിടെ മോഷണ സംഘം രാജസ്ഥാനിലേക്ക് കടന്നിരുന്നു. അജ്മീറിലെത്തിയ പ്രതികളെ രാത്രി അജ്മീർ പൊലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചത്. സാഹസികമായാണ് ഇവരെ കീഴ്പ്പെടുത്തിയത്. തുടർന്ന് അജ്മീറിൽ റിമാൻഡ് ചെയ്ത സംഘത്തെ ഞായറാഴ്ച്ചയാണ് ആലുവയിലെത്തിച്ചത്. കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഗുണ്ട ആക്ട് ഉൾപ്പടെ പത്തോളം കേസിലെ പ്രതിയാണ് ഡാനിഷ്. ആലുവയിൽ മൂന്നും പെരുമ്പാവൂരിൽ ഒരിടത്തുമാണ് ഇവർ മോഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.