ഭാര്യയെയും രണ്ട്​ മക്കളെയും കൊന്നു, കസ്റ്റഡിയിൽ നിന്ന്​ ചാടി 11 വർഷം ഒളിവുജീവിതം-മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പിടിയില്‍

ബംഗളൂരു: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ശേഷം കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട്​ 11 വർഷം മുങ്ങി നടന്ന മുന്‍ വ്യോമസേന ഉദ്യോഗസ്ഥനെ അസമിൽ നിന്ന്​ പിടികൂടി. വ്യോമസേനയിൽ സര്‍ജന്‍റ്​ ആയിരുന്ന ധരംസിങ് യാദവിനെയാണ് 11 വര്‍ഷത്തിന് ശേഷം ബംഗളൂരു പൊലീസ് പിടികൂടിയത്.

2008 ഒക്ടോബറിലാണ് ധരംസിങ്​ ഭാര്യയെയും രണ്ട് മക്കളെയും ദാരുണമായി കൊലപ്പെടുത്തിയത്. തുടർന്ന്​ അറസ്റ്റിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നതിനിടെ 2010ല്‍ കസ്റ്റഡിയിൽ നിന്ന്​ രക്ഷപ്പെടുകയായിരുന്നു. ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ കാവല്‍നിന്ന പൊലീസുകാരനുനേരേ മുളകുപൊടിയെറിഞ്ഞ ശേഷമാണ്​ രക്ഷപ്പെട്ടത്​.

ഹരിയാന സ്വദേശിയായ ധരംസിങ്​ 1987 മുതല്‍ 2007 വരെയാണ് വ്യോമസേനയില്‍ ജോലിചെയ്തിരുന്നത്. ഭാര്യ അനു, മക്കളായ കീര്‍ത്തി (14), ശുഭം (എട്ട്) എന്നിവര്‍ക്കൊപ്പം ബംഗളൂരു വിദ്യാരണ്യപുരയിലായിരുന്നു താമസം. വ്യോമസേനയിലെ ജോലി വിട്ടശേഷം ധരംസിങ് മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി രാജാജിനഗറിലുള്ള ഒരു യുവതിയുമായി അടുപ്പത്തിലായി. അവിവാഹിതനാണെന്ന് പറഞ്ഞായിരുന്നു മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ യുവതിയോടൊപ്പം ജീവിക്കുന്നതിനുവേണ്ടിയാണ്​ ഭാര്യയെയും രണ്ട് മക്കളെയും മരക്കഷണം കൊണ്ട്​ തലക്കടിച്ച്​ കൊന്നത്​. 2008 ഒക്ടോബര്‍ 19നായിരുന്നു ഇത്​.

കവര്‍ച്ചാശ്രമത്തിനിടെ ഭാര്യയും മക്കളും കൊല്ലപ്പെട്ടെന്നായിരുന്നു ധരംസിങ് ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചിരുന്നത്​. പിന്നീട്​ വിശദ അന്വേഷണത്തില്‍ ഇയാളാണ്​ കൊലപാതകിയെന്ന്​ കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നതിനിടെ 2010ൽ മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാളെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. ജയിലിലെ കാന്‍റീനില്‍നിന്ന് കൈക്കലാക്കിയ മുളകുപൊടിയുമായാണ് ഇയാൾ ആശുപത്രിയില്‍ എത്തിയത്. പിന്നീട്​ കാവല്‍നിന്ന പൊലീസുകാരന്‍റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് വിലങ്ങോടെ രക്ഷപ്പെടുകയായിരുന്നു. 2010 ഡിസംബര്‍ നാലിനായിരുന്നു ഇത്​.

പൊലീസ് വിപുലമായ അന്വേഷണം നടത്തിയെങ്കിലും ധരംസിങിനെ കണ്ടെത്താനായില്ല. പിന്നീട്​ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ഡി.സി.പി (സൗത്ത്​) ഹരീഷ് പാണ്ഡെ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചു. സംഘത്തിന്‍റെ അന്വേഷണപരിധിയിൽ ധരംസിങിന്‍റെ കേസും ഉൾപ്പെടുത്തി. ഇതോടെ അന്വേഷണം ഊര്‍ജിതമാക്കിയപ്പോൾ ധരംസിങ് യാദവ് ഹരിയാനയിലെ അതേലി മണ്ഡിയിൽ മദ്യവില്‍പ്പനശാല നടത്തിയിരുന്നതായി വിവരം ലഭിച്ചു. മറ്റൊരാളുടെ പേരിലാണ് ഈ മദ്യവില്‍പ്പനശാല രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവിടെയെത്തിയപ്പോൾ ഇയാൾ ഹരിയാനയില്‍നിന്ന് അസമിലേക്ക് കടന്നതായി കണ്ടെത്തി. തുടര്‍ന്ന് അസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ധരംസിങ്​ കുടുങ്ങുകയായിരുന്നു.

ഹരിയാനയില്‍ കഴിയു​േമ്പാൾ ഇയാള്‍ വീണ്ടും മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്‌തിരുന്നു. വെബ്‌സൈറ്റിലൂടെ അസം സ്വദേശിനിയുമായി പരിചയത്തിലായി. തുടര്‍ന്ന് അസമിലേക്ക് പോവുകയും അവരെ വിവാഹം കഴിച്ച് അവിടെ താമസം ആരംഭിക്കുകയുമായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ടെന്നും പോലീസ് പറഞ്ഞു. ധരംസിങിനെ കഴിഞ്ഞദിവസം പൊലീസ്​ ബംഗളൂരുവിലെത്തിച്ചു. അസം പൊലീസി​െന്‍റ സഹകരണമാണ്​ ഇയാളെ പിടികൂടാൻ സഹായിച്ചതെന്ന്​ ഡി.സി.പി ഹരീഷ്​ പാണ്ഡെ പറഞ്ഞു.

'ഞങ്ങൾക്ക് ഇയാളുടെ​ ഹരിയാനയിലെ റെവാരിയിലെ മേൽവിലാസമാണ്​ ലഭിച്ചിരുന്നത്​. അതുവെച്ച്​ കുടുംബാംഗങ്ങൾക്കിടയിൽ നടത്തിയ അന്വേഷണം വിജയിച്ചിരുന്നില്ല. കാരണം, ഭാര്യയെയും മക്കളെയും കൊന്നതിനാൽ കുടുംബക്കാർ ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. തുടർന്ന്​ ഹരിയാനയിലെയും അസമി​ലെയും പൊലീസുമായി സഹകരിച്ച്​ നടത്തിയ അന്വേഷണമാണ്​ വിജയത്തിലെത്തിയത്​' -ഹരീഷ്​ പാണ്ഡെ പറഞ്ഞു. 

Tags:    
News Summary - Ex-IAF man who killed wife, two children in 2008 arrested from Assam after 11 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.