വെളിയങ്കോട്: വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ പത്തോളം വരുമാന സർട്ടിഫിക്കറ്റുകൾക്ക് വ്യാജരേഖ ചമച്ച് ഓൺലൈനായി അപേക്ഷിച്ചതായി കണ്ടെത്തി. സംശയം തോന്നിയ സർട്ടിഫിക്കറ്റുകളിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം റവന്യൂ വിഭാഗം നടത്തിയ പരിശോധനയിൽ വ്യാജമെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി.
പെരുമ്പടപ്പ് പൊലീസ് അന്വേഷണമാരംഭിച്ചു. റവന്യൂ വകുപ്പിന്റേതുൾപ്പെടെ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ സേവനകേന്ദ്രങ്ങൾ വഴിയാണ് ലഭിക്കുന്നത്. ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെയാണ് സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. അപേക്ഷകർക്ക് സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ അംഗീകൃത ഓൺലൈൻ സേവനദാതാക്കളെ സമീപിച്ചാൽ മതി. റവന്യൂ വകുപ്പിൽ വില്ലേജ് ഓഫിസർമാരാണ് പ്രധാന സർട്ടിഫിക്കറ്റുകളുടെ ഓൺലൈൻ അപേക്ഷയിൽ തീരുമാനമെടുക്കുന്നത്.
അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ ഓൺലൈൻ ആയിത്തന്നെ വില്ലേജ് ഓഫിസർ പരിശോധിച്ചാണ് തീരുമാനമെടുക്കുന്നത്. ഈ രീതിയിൽ അപേക്ഷിക്കുന്നവർക്ക് സംസ്ഥാന സർക്കാർ മുദ്രയും ക്യു.ആർ കോഡുമുൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളാണ് വ്യാജമായി നിർമിക്കുന്നത്. അക്ഷയ പോലുള്ള സേവന കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുമ്പോൾ ഉദ്യോഗസ്ഥർ പരിശോധിച്ച്, തുടർന്നും രേഖകൾ ആവശ്യമാണെങ്കിൽ അതും ലഭ്യമാക്കിയ ശേഷമാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഇതിന് 15 ദിവസത്തെയെങ്കിലും സമയമെടുക്കും. എന്നാൽ, പലപ്പോഴും ഓൺലൈൻ വഴിയുള്ള അപേക്ഷകൾ പരിശോധിക്കുന്നത് പേരിന് മാത്രമായതാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കാനിടയാക്കുന്നതെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.