പട്ന: എട്ട് മാസം ഒരു പ്രദേശത്ത് വ്യാജ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ, അത്തരമൊരു 'പൊലീസ് സ്റ്റേഷന്റെ' കഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിഹാറിലെ ബങ്ക നഗരത്തിലെ ഒരു സ്വകാര്യ ഗെസ്റ്റ് ഹൗസിലാണ് ഒരു സംഘം വ്യാജ സ്റ്റേഷനുണ്ടാക്കി പണം തട്ടിയത്. കള്ളത്തരം പിടികൂടാൻ യഥാർഥ പൊലീസിന് എട്ട് മാസം വേണ്ടിവന്നു എന്നതാണ് കൗതുകം. ജില്ല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഈ വ്യാജ പൊലീസ് സ്‌റ്റേഷൻ തിരിച്ചറിയാൻ പ്രദേശവാസികൾക്കും കഴിഞ്ഞില്ല.
'പട്ന സ്കോർട്ട് ടീം' എന്ന പേരിൽ ഉദ്യോഗസ്ഥ വേഷം ധരിച്ച് നൂറുകണക്കിനാളുകളിൽ നിന്നാണ് സംഘം പണം തട്ടിയത്. പരാതികളും കേസുകളും ഫയൽ ചെയ്യാൻ വ്യാജ സ്റ്റേഷനിൽ എത്തുന്നവരിൽനിന്ന് സഹായവും പൊലീസിൽ ജോലിയുമെല്ലാം വാഗ്ദാനം ചെയ്താണ് പണം കൈക്കലാക്കിയിരുന്നത്.
സംഘത്തിലെ രണ്ട് അംഗങ്ങൾ സർവിസിൽനിന്ന് നൽകുന്ന ആയുധങ്ങൾക്ക് പകരം പ്രാദേശികമായി നിർമിച്ച തോക്കുകൾ കൈവശം വെക്കുന്നത് ഒരു യഥാർഥ പൊലീസ് ഉദ്യോഗസ്ഥൻ കണ്ടതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. രണ്ട് സ്ത്രീകളുൾപ്പെടെ സംഘത്തിലെ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭോല യാദവ് എന്നയാളാണ് ഇതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഒളിവിലാണ്. ചില പേപ്പറുകൾക്കൊപ്പം ബിഹാർ പൊലീസിന്റെ യൂനിഫോമും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.