സ​ജേ​ഷ്

കുടുംബത്തർക്കം: വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ

തൃശൂർ: കുടുംബത്തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷിനെയാണ് (46) പിതാവ് ശ്രീധരന്‍റെ പരാതിയിൽ നെടുപുഴ എസ്.ഐ എം.വി. പൗലോസ് അറസ്റ്റ് ചെയ്തത്. സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ്.എസ്.എൽ.സി പരീക്ഷയെഴുതാനുള്ള ഹാൾടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവെച്ച് നശിപ്പിച്ചു. ശ്രീധരന്‍റെ മകൾ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടിൽനിന്ന് മരുമകൻ എത്തിച്ച ചക്കയെ ചൊല്ലിയുള്ള തർക്കമാണ് കൈയാങ്കളിയിലേക്കും ഒടുവിൽ വീടിന് തീയിടുന്നതിലേക്കുമെത്തിയത്. സജേഷിന്‍റെ ഭാര്യ വിദേശത്താണ്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സജേഷിനൊപ്പം താമസിക്കുന്നത്.

ഞായറാഴ്ച പകൽ ശ്രീധരന്‍റെ മകളുടെ ഭർത്താവ് സജേഷിന്റെ വീട്ടിൽ ചക്ക എത്തിച്ചിരുന്നു. ഇത് കൊണ്ടുവന്നത് സംബന്ധിച്ച് സജേഷും ശ്രീധരന്‍റെ മരുമകനും തർക്കമുണ്ടാവുകയും കത്തിയെടുക്കുകയും ചെയ്തിരുന്നു. തർക്കത്തിന് ശേഷം ശ്രീധരന്‍റെ മരുമകൻ പെരിഞ്ചേരിയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് രാത്രിയിലാണ് സജേഷ് വീടിന് തീയിട്ടത്.

സജേഷിന്‍റെ വീടിന് സമീപത്തുള്ളവരാണ് തീയിട്ട വിവരം ശ്രീധരനെ അറിയിച്ചത്. ഉടൻ അഗ്നിരക്ഷ സേനാംഗങ്ങളെത്തി തീ അണച്ചെങ്കിലും കുട്ടികളുടെ പഠിക്കാനുള്ള പുസ്തകങ്ങളും ഹാൾടിക്കറ്റും മറ്റ് സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കത്തിനശിച്ചിരുന്നു. സജേഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീനാഥ്, പ്രിയൻ എന്നിവരുണ്ടായിരുന്നു.

Tags:    
News Summary - Family dispute: Youth arrested for setting house on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.