കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പു കേസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്. അന്വേഷണം പൂർത്തിയാക്കി അടുത്തമാസം കുറ്റപത്രം നൽകാൻ സാധിച്ചേക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണം കടത്ത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തിനു പിന്നാലെ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തിയ കേസ് എന്ന പേരിൽ പ്രസിദ്ധിയാർജിച്ച കേസാണ് ചെറുവത്തൂർ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്.
ഫാഷൻ ഗോൾഡ് കമ്പനി ചെയർമാൻ മുസ്ലിം ലീഗ് നേതാവ് എം.സി. ഖമറുദ്ദീൻ എം.എൽ.എ പ്രതിയാവുകയും റിമാൻഡിലാവുകയും പിന്നാലെ എം.എൽ.എ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിനു വഴിവെക്കുകയും ചെയ്ത കേസ് ഏറെക്കാലമായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. കേസിലെ നാലു പ്രതികളിൽ മൂന്നുപേർ അറസ്റ്റിലാണ്. എം.സി. ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ, ജനറൽ മാനേജർ ടി.കെ. സൈനുദ്ദീൻ, ജോലിക്കാരൻ ഹാരിസ് അബ്ദുൽ ഖാദർ എന്നിവരാണ് അറസ്റ്റിലായത്. തങ്ങളുടെ മകൻ ഇഷാം തങ്ങൾ വിദേശത്താണ്. ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചായിരിക്കും കുറ്റപത്രം സമർപ്പിക്കുക.
കമ്പനി ഡയറക്ടർമാരെ മുഴുവൻ പ്രതികളാക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനുള്ള നിയമോപദേശത്തിന് സർക്കാർ മറുപടി നൽകിയില്ല. 150 കോടിയോളം രൂപയുടെ തട്ടിപ്പാണ് അരങ്ങേറിയതെന്നാണ് കണ്ടെത്തൽ. 40 സാക്ഷികളാണ് കേസിലുള്ളത്. 700ലധികം ഓഹരി ഉടമകളുണ്ട്. 20 ഡയറക്ടർമാരും. കേസിൽ സർക്കാറിനു താൽപര്യമില്ലാതായി. നാല് ഡിവൈ.എസ്.പിമാർ പ്രത്യേക സംഘങ്ങളായി കേസിനു പിറകിലുണ്ട്. ക്രൈംബ്രാഞ്ചിനു പുതിയ മേധാവി വന്നത് കേസിനു പൂട്ടിടാനുള്ള സാധ്യതയേറുമെന്നതും കുറ്റപത്രം സമർപ്പണത്തിന്‍റെ വേഗത വർധിപ്പിക്കും. ഫോറൻസിക് വിഭാഗത്തിലേക്ക് പരിശോധനക്കയച്ച രേഖകളിൽ തീരുമാനമുണ്ടാകുന്നതോടെ കേസന്വേഷണം അവസാനിക്കുമെന്നാണ് അന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.