ഹജ്ജ് തീർഥാടകരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ അച്ഛനെയും മകനെയും ​തേടി മുംബൈ പൊലീസ്

ഹജ്ജ് യാത്ര സുഗമമാക്കാമെന്ന് പറഞ്ഞ് മൂന്ന് കുടുംബങ്ങളെ കബളിപ്പിച്ച് 36 ലക്ഷം രൂപ തട്ടിയെടുത്ത പിതാവിനെയും മകനെയും തിരഞ്ഞ് നയാ നഗർ പൊലീസ്. 2019 ലും ഹജ്ജ് തീർഥാടനത്തിന് സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് ഒരു കുടുംബത്തിലെ 10 അംഗങ്ങളെ കബളിപ്പിച്ച് ഇവർ 24 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ആ കേസിൽ അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

അഷ്ഫാഖ് അഹമ്മദ് ഖുറേഷി, ഹന്നാൻ ഖുറേഷി എന്നിവരാണ് പ്രതികൾ. താനെയിലെ മീരാ റോഡ് റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ക്രിസ്റ്റൽ പ്ലാസയിലാണ് ഇവർ അൽ അൻസാർ എന്ന പേരിൽ ഹജ്ജ്, ഉംറ ടൂർ, ട്രാവൽ ഓഫിസ് എന്നിവ നടത്തുന്നത്.

കബളിക്കപ്പെട്ടവരിൽ ഒരാളായ ഷറഫത്ത് എഹ്‌സൻമുള്ള ഹുസൈൻ (63 ) ഈ വർഷം ഭാര്യയോടൊപ്പം ഹജ്ജ് ചെയ്യാൻ തീരുമാനമെടുത്തിരുന്നു. മീരാ റോഡിലെ ഓർക്കിഡ് ജഹാംഗീർ എൻക്ലേവിലാണ് ഇവർ താമസിക്കുന്നത്. സർക്കാർ ക്വോട്ട വഴി ഹജ്ജിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു ​അദ്ദേഹം. അപ്പോഴാണ് അഷ്ഫാഖ് ഖുറേഷി സുഹൃത്ത് വഴി ഇദ്ദേഹത്തെ പരിചയപ്പെട്ടത്. തുടർന്ന് 10 ലക്ഷം രൂപ കൈമാറി. ഉടൻ ഹജ്ജ് കിറ്റും വിമാന ടിക്കറ്റും നൽകാമെന്ന് അഷ്ഫാഖും ഹന്നാനും പറഞ്ഞു. എന്നാൽ ഹജ്ജിന്റെ തീയതി അടുത്തെത്തിയപ്പോൾ ഇവരെ ബന്ധപ്പെട്ടപ്പോൾ ഫോൺ എടുത്തില്ല. അങ്ങനെയാണ് താൻ വഞ്ചിക്കപ്പെട്ടതായി സംശയം തോന്നിയത്.

പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവിൽ പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് 2019ലും ഇവർ സമാന തട്ടിപ്പ് നടത്തിയ വിവരമറിയുന്നത്.

അതുപോലെ ഇന്ത്യൻ റെയിൽവേയിൽ നിന്ന് വിരമിച്ച മുഹമ്മദ് സിക്കന്ദർ ഖാൻ ഖുറേഷി ഭാര്യക്കൊപ്പം ഈ വർഷം ഹജ്ജ് യാത്ര നടത്താൻ ആഗ്രഹിച്ചിരുന്നു. അഷ്ഫാഖിന് 10 ലക്ഷം രൂപ നൽകിയ ശേഷം ഇദ്ദേഹം സർക്കാറിന്റെ ഹജ്ജ് വകുപ്പ് വഴിയും അപേക്ഷ നൽകി. 4.52 ലക്ഷം രൂപ ഹജ്ജ് കമ്മിറ്റിക്ക് നൽകിയാണ് സർക്കാർ ക്വാട്ടയിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് അഷ്ഫാഖിനെ അറിയിക്കുകയും പണം റീഫണ്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഹജ്ജ് യാത്രക്കുള്ള അവസരം നഷ്ടമായി.

49 വയസുള്ള സോഫ്റ്റ് വെയർ എൻജിനീയർ ഷിറാസുല്ല മല്ലിക് ആണ് പറ്റിക്കപ്പെട്ട മറ്റൊരാൾ. ഇദ്ദേഹം ഉമ്മക്കും ഭാര്യ​ക്കും ഒപ്പമാണ് ഹജ്ജിന് പോകാൻ തീരുമാനിച്ചത്. ആദ്യം മറ്റൊരു കമ്പനിയെ ആണ് ഇതിനായി സമീപിച്ചത്. എന്നാൽ അഷ്ഫാഖിന്റെ കമ്പനി കുറഞ്ഞ തുകയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞപ്പോൾ അവരെ സമീപിച്ചു. 17.50 ലക്ഷം രൂപയും കൈമാറി. ഹജ്ജ് യാത്ര നടക്കാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസിലാക്കിയത്. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ട് വീട്ടിൽ പോയി ബഹളമുണ്ടാക്കിയതിന് അഷ്ഫാഖ് ഖുറേഷി പൊലീസിൽ പരാതി നൽകി. 2019 മുതൽ അഷ്ഫാഖും മകനും സമാന രീതിയിൽ നിരവധി പേരെ കബളിപ്പിച്ചതായി അന്വേഷണത്തിൽ മനസിലായി.

2019ലെ കേസിൽ അഷ്ഫാഖിനും രണ്ട് ആൺമക്കൾക്കും ജാമ്യം അനുവദിച്ചത് ഇരകൾക്ക് പണം തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ്. എന്നാൽ അത് പാലിക്കപ്പെട്ടില്ല. അതിനാൽ ഹൈകോടതി ജാമ്യം റദ്ദാക്കി. അന്നുമുതൽ അഷ്ഫാഖും മക്കളും ഒളിവിലാണ്. അതിനിടെ ഇവർക്കെതിരെ വീണ്ടും കേസുകൾ രജിസ്റ്റർ ചെയ്തു. അവരെ കണ്ടെത്താൻ ഉൗർജിത ശ്രമം നടത്തുകയാണ്.

Tags:    
News Summary - Father, son booked for cheating Hajj pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.