ആലുവ: മത്സ്യത്തൊഴിലാളിയെ മർദിച്ചവശനാക്കിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. ആലപ്പുഴ മാമ്പുഴക്കരി മംഗലശ്ശേരിച്ചിറ വീട്ടിൽ അജയ് (21), കോട്ടയം മാങ്ങാനം മാമൂട്ടിൽ വീട്ടിൽ ഷോജിമോൻ (23), പരവൂർ ശ്രീഹരി വീട്ടിൽ അർജുൻ (21), ആലുവ അശോകപുരം തറയിൽ വീട്ടിൽ ജിജോ ഫ്രാൻസിസ് (കുമ്പാരി -33), ആലുവയിൽ വാടകക്ക് താമസിക്കുന്ന കോതമംഗലം കുട്ടമ്പുഴ തേവർകുഴിയിൽ വീട്ടിൽ റിജോമോൻ (32) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
മുനമ്പം ഹാർബറിലെ തൊഴിലാളിയായ കൊല്ലം സ്വദേശി ഉദയകുമാറിനാണ് മർദനമേറ്റത്. കഴിഞ്ഞ 29ന് രാത്രി 10നാണ് സംഭവം. കന്യാകുമാരിക്ക് പോകാൻ ഇയാൾ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്ന് ടിക്കറ്റ് എടുത്തശേഷം ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ മുൻ ഭാര്യയുടെ സഹോദരിയുടെ മകനായ അജയനെ കാണുകയും അജയനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചെന്നുമാണ് പരാതി. സംഭവം കണ്ട ബസ് തൊഴിലാളികളായ റിജോ ഫ്രാൻസിസും റിജോമോനും മർദനത്തിൽ പങ്കാളികളായി. തുടർന്ന് അഞ്ചുപേരും അവിടെനിന്ന് കടന്നുകളഞ്ഞു.
മർദനത്തിൽ ഉദയകുമാറിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്നാണ് പിടികൂടിയത്. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐമാരായ സി.ആർ. ഹരിദാസ്, എസ്.എസ്. ശ്രീലാൽ, ജി.എസ്. അരുൺ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.