അഞ്ചുവയസ്സുകാരന് ക്രൂരമർദനം: വിചാരണ തുടങ്ങി

തൊടുപുഴ: പിതാവും രണ്ടാനമ്മയും ചേർന്ന് അഞ്ച് വയസ്സുകാരനെ മർദിച്ച സംഭവത്തിൽ മുട്ടം കോടതിയിൽ വിചാരണ തുടങ്ങി. തിങ്കൾ, ചൊവ്വ ദിസങ്ങളിലായി ആറുപേരെ വിസ്തരിച്ചു. ബുധനാഴ്ച ഹാജരാകാൻ ഷഫീക്കിന്‍റെ മാതാവ് ഉൾപ്പെടെ 10പേർക്ക് സമൻസ് അയച്ചിട്ടുണ്ട്. സംഭവസമയം ഇവർ താമസിച്ചിരുന്ന വാടകവീടിന്‍റെ ഉടമ കുഞ്ഞുമോൻ എന്ന തോമസ്, അവിടുത്തെ ചൈൽഡ് ലൈൻ പ്രവർത്തകൻ ജോസ് സ്കറിയ, ഷഫീഖിന്‍റെ പിതാവ് ഷരീഫിന്‍റെ ബന്ധു സഫിയ, രണ്ടാനമ്മ അനീസയുടെ അമ്മ സുബൈദ, അനീസയുടെ സഹോദരൻ അൻഷാദ്, കുമളി ചെങ്കരയിലെ ജുമാമസ്ജിദ് പ്രസിഡന്‍റായിരുന്ന അബ്ദുൽ അസീസ് എന്നിവരെയാണ് വിസ്തരിച്ചത്. വിസ്തരിച്ച മുഴുവൻ സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് നൽകിയത്.

2013 ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം. കുമളി ചെങ്കരയിലെ വീട്ടിൽവെച്ചാണ് ഷഫീഖിന് മർദനമേറ്റത്. പിതാവ് ഷരീഫ്, രണ്ടാനമ്മ അനീസ എന്നിവർ ചേർന്നാണ് മർദനത്തിനിരയാക്കിയത്. ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്നുപോലും ആശങ്ക ജനിപ്പിക്കുംവിധം ഗുരുതരമായിരുന്നു പരിക്കുകൾ.

ഇടതുകാലിന്‍റെ രണ്ടിടത്ത് പൊട്ടലും ദേഹത്ത് പൊള്ളലും തലച്ചോറിന് ക്ഷതവും ഏറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കിൽ സംശയംതോന്നിയ ആശുപത്രി അധികൃതർ വിവരം ജില്ല ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ച് വയസ്സുകാരനോട് കാണിച്ച ക്രൂരതയുടെ ചുരുളഴിഞ്ഞത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി വെല്ലൂർ സി.എം.സിയിലുമാണ് പ്രവേശിപ്പിച്ചത്.

സർക്കാർ ചികിത്സ ഏറ്റെടുത്തിരുന്നു. ദീർഘകാലത്തെ ചികിത്സക്കുശേഷവും കുട്ടിക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കാനായില്ല. വാഗമൺ കോലാഹലമേട് സ്വദേശി രാഗിണിയാണ് കുട്ടിയുടെ സംരക്ഷണച്ചുമതല നിർവഹിക്കുന്നത്. 2014 ജൂലൈ 21 മുതൽ കുട്ടിയെ തൊടുപുഴ അൽഅഹ്‌സർ ആശുപത്രി ഏറ്റെടുത്ത് സംരക്ഷിച്ചുവരുകയാണ്.

ഒന്നാംഅഡീഷനൽ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണയിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എസ്. രാജേഷാണ് ഹാജരാകുന്നത്.

Tags:    
News Summary - Five-year-old brutally beaten: The trial began

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.