കോന്നി: 23.50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവിൽപോയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല.
ഒരു തുമ്പുമില്ലാതിരുന്നിട്ടും നിരവധി കേസ് തെളിയിച്ച കേരള പൊലീസിനാണ് തട്ടിപ്പുവീരനായ പൊലീസുകാരനെ പിടികൂടാൻ കഴിയാത്തത്. കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് റാന്നി അങ്ങാടി സ്വദേശിയായ യുവതിയിൽനിന്ന് കാറും 13.50 ലക്ഷം രൂപയുമാണ് കോന്നി പൊലീസിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കൊക്കാത്തോട് സ്വദേശി ബിനുകുമാർ തട്ടിയെടുത്തത്. ഇയാൾ വാഹനത്തിെൻറ ആർ.സി ബുക്ക് പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പത്തുലക്ഷം രൂപയും കൈക്കലാക്കി.
സംഭവത്തിൽ റാന്നി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാന്നിയിൽ ജോലി ചെയ്തുവരുമ്പോഴാണ്യുവതിയുമായി പരിചയത്തിലായത്. ജോലിയിൽനിന്ന് അവധി എടുക്കാതെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.
ജില്ല പൊലീസ് ആസ്ഥാനത്തിന് സമീപം ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ഇയാൾക്ക് ഉണ്ടെന്നാണ് സൂചന. സമാനമായ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നിരവധി സ്ത്രീകൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തുവന്നു. വി.കോട്ടയത്ത് കോട്ടൺ വേസ്റ്റ് കമ്പനിയിൽ ജോലി വാഗദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയതായും സൂചനയുണ്ട്. നിരാലംബരായ സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.