പത്തനാപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന വ്യാജേന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. പത്തനാപുരം മാങ്കോട് മുള്ളൂര്‍ നിരപ്പ് പാറക്കടവിൽ വീട്ടിൽ പി.ജി. അനീഷാണ് പിടിയിലായത്. ഡോക്ടർ, സർക്കാർ ഉദ്യോഗസ്ഥൻ എന്നിങ്ങനെ വേഷം കെട്ടിയാണ് പലരിൽനിന്ന് വൻതുക തട്ടിപ്പ് നടത്തിയത്.
എയർപോർട്ട്, റെയിൽവേ ഉൾപ്പെടെ സ്ഥാപനങ്ങളിൽ ജോലിയും വിവിധ സ്ഥലങ്ങളിൽ വസ്തു നൽകാമെന്നും ബാങ്ക് ലോൺ ശരിയാക്കിത്തരാമെന്നും മറ്റും പറഞ്ഞാണ് പലരിൽനിന്ന് വൻ തുക തട്ടിപ്പ് നടത്തിയത്.
കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നായി നൂറുകണക്കിന് പേരുടെ പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ട്. മുന്തിയ വാഹനത്തിൽ അംഗരക്ഷകരുമായും വനിതകളുമായും എത്തി ഉദ്യോഗസ്ഥനെന്ന് ആദ്യം വിശ്വസിപ്പിച്ച ശേഷമായിരുന്നു കബളിപ്പിക്കല്‍.
സർക്കാർ സ്ഥാപനമായ പിറവന്തൂർ കുര്യോട്ടുമലയിലെ ഫാമിൽ തനിക്ക് ഭൂമിയുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചു. കുറച്ചുനാളായി പത്തനാപുരം കമുകുംചേരിയിൽ കഴിഞ്ഞുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്നാണ് പ്രതി പിടിയിലാകുന്നത്.
പത്തനാപുരം എസ്.എച്ച്.ഒ ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. കൂടുതൽ ജില്ലകളിൽ തട്ടിപ്പ് നടത്തിയതിലും കൂട്ടാളികളെ പറ്റിയും കൂടുതൽ അന്വഷണം നടത്തുമെന്ന് അന്വേഷണസംഘം പറഞ്ഞു. പ്രതിയെ പത്തനാപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.