കൊച്ചി: ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി യുവാക്കളെ മർദിച്ച് പണവും മൊബൈൽഫോണും മറ്റും കവർന്ന സംഘം പിടിയിൽ. നെട്ടൂർ അമ്പലക്കടവ് കളത്തിപ്പറമ്പ് വീട്ടിൽ ഷൈജു (38), തമ്മനം, കൈതക്കൽ കുന്നേൽ വീട്ടിൽ റിൻസൺ (22), ചേരാനല്ലൂർ, കുന്നുംപുറം, പടിപ്പുരക്കൽ വീട്ടിൽ ജിതീഷ് (26), കടവന്ത്ര, ഗാന്ധിനഗർ, ഉദയ കോളനി, 91-ാം നമ്പർ വീട്ടിൽ മഹേന്ദ്രൻ (24), മലപ്പുറം, നിലമ്പൂർ, കുറുങ്ങോടാൻ വീട്ടിൽ സുബിജിത്ത് (23) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്.
നോർത്ത് പറവൂർ സ്വദേശിയും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ യുവാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ മാസം 14ന് ഉച്ചക്ക് 12 ഓടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനും സുഹൃത്തും വാടകക്ക് താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിലേക്ക് അതിക്രമിച്ചെത്തിയ പ്രതികൾ പരാതിക്കാരനോട് മദ്യപിക്കാനായി പണം ആവശ്യപ്പെടുകയും പണം കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ ഒന്നാം പ്രതി പരാതിക്കാരന്റെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയശേഷം ശാരീരികമായി ഉപദ്രവിച്ച് പരാതിക്കാരന്റെ പഴ്സിലുണ്ടായിരുന്ന 10,000 രൂപയും എ.ടി.എം കാർഡും സ്മാർട്ട് വാച്ചും ബ്ലൂടൂത്ത് ഹെഡ് സെറ്റും മറ്റും കവർച്ച ചെയ്യുകയായിരുന്നു.
വീണ്ടും 10,000 രൂപ ആവശ്യപ്പെട്ട് പരാതിക്കാരന്റെ സുഹൃത്തിനെ പ്രതികൾ ഓട്ടോയിൽ കയറ്റി എറണാകുളം ഹൈകോടതിക്കടുത്തുള്ള ബാറിൽ എത്തിച്ച് വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചു. തുടർന്ന് രണ്ട് മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, 10,000 രൂപ അടക്കം ആകെ 50,000 രൂപയുടെ മുതലുകൾ പ്രതികൾ ചേർന്ന് കവർന്നു.
എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ. പി. അനിൽ, സബ് ഇൻസ്പെക്ടർമാരായ സി. അനൂപ്, സുനിൽ രവീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശിഹാബ്, ഉണ്ണികൃഷ്ണൻ, ഉമേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ എല്ലാവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.