പുന്നയൂർക്കുളം: കഞ്ചാവ് വിൽപനക്കാരനായ പിതാവിന്‍റെ കൂട്ടുകാർ ചേർന്ന് വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെയും കേസെടുക്കും. പ്രായപൂർത്തിയാകാത്ത മകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും അധികൃതരെ അറിയിക്കാതെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതാണ് കാരണം.
അതേസമയം, പീഡനവിവരം പുറത്തറിഞ്ഞ് ഒരാഴ്ചയാകുമ്പോഴും പെൺകുട്ടി മൊഴിയിൽ പറഞ്ഞ മൂന്നു പേരിൽ ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. പ്രതികളിൽ ഒരാൾ പുന്നയൂർക്കുളം പഞ്ചായത്ത് സ്വദേശിയും അറിയപ്പെടുന്ന കുടുംബാംഗവുമാണ്. മറ്റൊരാളുടെ പേര് മാത്രമാണ് പൊലീസിന് ലഭിച്ചത്. ഈ പേരിലുള്ള യുവാവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കേസിന്‍റെ അവസ്ഥ മനസ്സിലാക്കിയ യുവാവ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി. പിന്നീട് മധ്യസ്ഥരുമായി എത്തിയ ഇയാളെ നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. പെൺകുട്ടിക്ക് യുവാവിന്‍റെ ചിത്രം അയച്ച് പ്രതിയല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിട്ടയച്ചത്.
പെൺകുട്ടിയുടെ പിതാവിനെ കഞ്ചാവ് വിൽപന കേസിൽ കഴിഞ്ഞ മേയിൽ പൊലീസ് പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിതാവിനെ പൊലീസ് സ്റ്റേഷനിൽനിന്ന് ഇറക്കാൻ മാതാവ് പോകുമ്പോൾ കേസിലെ പ്രതികളായ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വീട്ടിൽ പെൺകുട്ടി മാത്രമാണ് ഉള്ളതെന്ന് മനസ്സിലാക്കിയ പ്രതികൾ അവിടെയെത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി. കഞ്ചാവ് വാങ്ങാൻ സ്ഥിരമായി വീട്ടിലെത്തുന്നവരാണ് പ്രതികൾ. മാതാവിൽനിന്ന് ഒരു ഇടപെടലും ഇല്ലാതായതോടെ ഭയന്ന പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പൊന്നാനിയിൽ പഠിക്കുന്ന പെൺകുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ വിവരം ആരാഞ്ഞതാണ് പീഡന വിവരം പുറത്തറിയാൻ ഇടയാക്കിയത്. സ്കൂൾ അധികൃതര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡിപ്പിച്ചവരെ സംബന്ധിച്ച വിവരം ലഭിച്ചത്. രക്ഷിതാക്കളില്‍നിന്ന് പ്രതികരണമില്ലെന്ന് മനസ്സിലാക്കിയ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചുവെന്നും കൗണ്‍സലിങ്ങിൽ വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.