കൊണ്ടോട്ടി: കള്ളക്കടത്ത് സ്വര്‍ണ വാഹകനായ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും മറ്റു സാധനങ്ങളും കവര്‍ച്ച ചെയ്ത സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. സമാനമായ രീതിയില്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങളെ നിയമത്തിനുമുന്നില്‍ എത്തിക്കാനുള്ള പ്രത്യേക അന്വേഷണമാണ് നിലവില്‍ തുടരുന്നത്. ഇതിന്റെ ഭാഗമായി സംഘത്തലവന് കൂടിയായ മോങ്ങം പള്ളിയാളിയില്‍ ആദിര്‍ മൂസയെ (22) കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിവിധ രീതികളില്‍ നടക്കുന്ന സ്വര്‍ണക്കടത്തിനും ക്വട്ടേഷന്‍ സംഘങ്ങളുടെ കവര്ച്ചക്കുമെതിരെ നിതാന്ത ജാഗ്രതയാണ് നിലവില്‍ പൊലീസ് സ്വീകരിച്ചിരിക്കുന്നത്. പരസ്പര ബന്ധമുള്ള കള്ളക്കടത്ത് സംഘങ്ങളെ നിലവില്‍ പിടിയിലായവരിലൂടെ കണ്ടെത്തുന്ന രീതിയിലാണ് അന്വേഷണം.
കള്ളക്കടത്ത് സ്വർണം കവര്‍ച്ച ചെയ്ത സംഘത്തിലെ പ്രധാനി ആദിര്‍ മൂസയില്‍നിന്ന് നിർണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ഡിസംബറില്‍ ദുബൈയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശിയായ യുവാവിനെ തട്ടികൊണ്ടുപോയി മർദിച്ച് സ്വര്‍ണവും സാധനങ്ങളും കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഏപ്രിൽ 16നാണ് ആദിര്‍ മൂസയെ അറസ്റ്റ് ചെയ്തത്.
കരിപ്പൂര്‍ പൊലീസ് ഇൻസ്പെക്ടര്‍ പി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരിയിലെ രഹസ്യ കേന്ദ്രത്തില്‍നിന്ന് പിടികൂടുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലും തട്ടിക്കൊണ്ടുപോയി മർദിച്ച വള്ളുവമ്പ്രത്തും പ്രതിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. കേസില്‍ മോങ്ങം സ്വദേശി നൂറുല്‍ ഇസ്ലാമിനെ (35) നേരത്തെ പൊലീസ് പിടികൂടിയിരുന്നു. യാത്രികനായ യുവാവിനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും ആദ്യ ഘട്ടത്തില്‍ പിടിച്ചെടുത്തു.
ഒരു സംഘം, തന്നെ കാറില്‍ ബലമായി തട്ടിക്കൊണ്ടുപോകുകയും മർദിച്ചു അവശനാക്കുകയും ബാഗുകളും ഫോണും നഷ്ടമാകുകയും ചെയ്തെന്നായിരുന്നു താമരശ്ശേരി സ്വദേശിയായ 29കാരന്റെ പരാതി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് യുവാവിനെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് സംഘം തന്നെയാണ് സംഭവത്തിനു പിന്നിലെന്നും സ്വർണം കടത്തിക്കൊണ്ടുവന്ന യുവാവിനെ വാഹകനായി നിയോഗിച്ച സംഘം തന്നെയാണ് ആക്രമണത്തിനു പിറകിലെന്നുമാണ് സൂചന. ഈ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തില്‍ കൂട്ടു പ്രതികളെക്കുറിച്ച് പൊലീസിനു വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. യുവാവിന്റെ മൂന്നു ബാഗുകളും മൊബൈല്‍ ഫോണും വിമാനത്താവളത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. കരിപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥന്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ്, രതീഷ്, സ്വപ്ന, വേണുഗോപാല്‍ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.