ഡോ. സംഗീത ദത്ത, ഡോ. വാലിയുൽ ഇസ്ലാം

ഡോക്ടർ ദമ്പതികൾ കുഞ്ഞിനോട് കാട്ടിയത് കൊടുംക്രൂരത; ലൈംഗികാതിക്രമം, സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേറ്റ പാട്

ഗുവാഹതി: അസമിലെ പ്രമുഖ ഡോക്ടർ ദമ്പതിമാരായ സൈക്യാട്രിസ്റ്റ് ഡോ. സംഗീത ദത്തയും ഭർത്താവ് ഡോ. വാലിയുൽ ഇസ്ലാമും അഞ്ചുവയസുള്ള വളർത്തുമകളോട് കാട്ടിയത് കൊടുംക്രൂരത. പെൺകുട്ടിയുടെ ദേഹം മുഴുവൻ പൊള്ളലേറ്റ പാടുകളുണ്ട്. സ്വകാര്യ ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ്. മെഡിക്കൽ പരിശോധനയിൽ ലൈംഗികാതിക്രമം വ്യക്തമായെന്നും പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തുമെന്നും പൊലീസ് പറഞ്ഞു.

വികൃതി കാണിച്ച അഞ്ചുവയസുള്ള വളർത്തുമകളെ പൊള്ളുന്ന വെയിലിൽ ടെറസിൽ കെട്ടിയിട്ട സംഭവത്തിലാണ് ഡോ. സംഗീത ദത്തയും ഡോ. വാലിയുൽ ഇസ്ലാമും അറസ്റ്റിലായത്. ഡോ. വാലിയുലിനെ അഞ്ച് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ ഡോ. സംഗീതയെ ഇന്നലെയാണ് പിടികൂടിയത്. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് ഇവരുടെ ക്രൂരത സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടത്.

ഇവരോടൊപ്പം കഴിയുന്ന അഞ്ചുവയസുള്ള ആൺകുട്ടിയും പെൺകുട്ടിയും സ്വന്തം കുഞ്ഞുങ്ങളാണെന്നായിരുന്നു ഡോ. സംഗീത അവകാശപ്പെട്ടത്. എന്നാൽ, ഇത് തങ്ങളുടെ കുട്ടികളല്ലെന്ന് പിന്നീട് ഇവർ തിരുത്തി. കുട്ടികൾ ആരുടേതാണെന്ന് അറിയില്ല. 2018ൽ ഒരു സ്ത്രീയാണ് ഇരട്ടകളായ രണ്ട് കുഞ്ഞുങ്ങളെ തങ്ങൾക്ക് നൽകിയതെന്ന് ഇവർ പറഞ്ഞു. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കും.

കേസിന്‍റെ ഗുരുതരമായ സ്വഭാവം മുൻനിർത്തി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് പൊലീസ് കമീഷണർ ദിഗാന്ത ബോറ പറഞ്ഞു. പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞുങ്ങളെ ഉപദ്രവിച്ച സംഭവത്തിൽ ഡോ. വാലിയുൽ ഇസ്ലാമിനെതിരെ നേരത്തെയും പരാതികളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത്തരമൊരു പരാതിയിൽ 2017ൽ ഡോ. വാലിയുൽ ചൈൽഡ് പ്രൊട്ടക്ഷൻ കമീഷന് മുന്നിൽ ഹാജരായിരുന്നു. ഇതിന് മുമ്പ്, തന്‍റെ ആദ്യ ഭാര്യയെയും കുഞ്ഞിനെയും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിന് ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു.

ബാലാവകാശ പ്രവർത്തകൻ മിഗ്വേൽ ദാസിന്‍റെ ഇടപെടലിലൂടയാണ് ഡോക്ടർ ദമ്പതികളുടെ ക്രൂരത പുറംലോകമറിഞ്ഞത്. വികൃതി കാണിച്ച കുഞ്ഞിനെ ടെറസിൽ പൊള്ളുന്ന വെയിലിൽ തൂണിൽ കെട്ടിയിട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിച്ചത് ഇദ്ദേഹമാണ്. 'ആ പിഞ്ചുകുഞ്ഞിന്‍റെ പിൻഭാഗവും സ്വകാര്യഭാഗങ്ങളുമെല്ലാം പൊള്ളിയ നിലയിലാണ്. ദേഹത്താകെ പൊള്ളിയ പാടുകൾ. ഈ ഡോക്ടർ ദമ്പതിമാർ എത്രത്തോളം ക്രൂരന്മാരാണെന്ന് സങ്കൽപ്പിക്കാനാകുന്നില്ല. ഇവർ നിയമത്തിന്‍റെ പിടിയിൽ നിന്ന് ഒരിക്കലും രക്ഷപ്പെടരുത്. ഇത്രയേറെ പീഡനമേറ്റ ശരീരത്തോടെയാണ് ആ പിഞ്ചുകുഞ്ഞ് എല്ലാവരെയും നോക്കി ചിരിക്കുന്നത്' -മിഗ്വേൽ ദാസ് പറഞ്ഞു.

ഡോ. വാലിയുൽ ഇസ്ലാം അഞ്ച് ദിവസമായി കസ്റ്റഡിയിലാണ്. സംഭവത്തിൽ പങ്കുള്ള വീട്ടുജോലിക്കാരി ലക്ഷ്മി റായിയും കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ ഡോ. സംഗീത ദത്തയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു. 

Tags:    
News Summary - Guwahati child abuse case: ‘Adopted’ daughter of Dr Sangeeta Datta & Dr Waliul Islam was sexually assaulted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.