കണ്ണൂർ: ഗൂഗ്ൾ മാപ് നോക്കി ആഡംബര വീടുകളുള്ള പ്രദേശങ്ങൾ കണ്ടെത്തി മോഷണം നടത്തുന്ന അന്തർസംസ്ഥാന സംഘം അറസ്റ്റിൽ. ന്യൂഡൽഹി ഗുരുനാനാക്ക് മാർക്കറ്റിലെ മഹേന്ദ്ര (50), ഉത്തർപ്രദേശ് സ്വദേശികളായ അക്ബർപൂർ രവീന്ദ്രപാൽ ഗൗതം (28), സംബാൽ ജന്നത്ത് ഇന്റർ കോളജിനുസമീപം റംബറോസ് (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പയ്യാമ്പലത്തെ അശോകന്റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലാണ് അറസ്റ്റ്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ കണ്ണൂർ ടൗൺ എസ്.ഐ നസീബിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി. മോഷണസ്ഥലത്തുനിന്ന് കിട്ടിയ ഷൂ വാങ്ങിയ ബില്ലാണ് പൊലീസിന് തുമ്പായത്. കടയിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ താമസിക്കുന്നവരാണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേരളത്തിലെത്തി ഗൂഗ്ൾ മാപ് ഉപയോഗിച്ച് കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ ശേഖരിച്ച് മോഷണം നടത്തി മടങ്ങുകയാണ് ഇവരുടെ പതിവ്. വലിയ സ്ഥാപനങ്ങളും ആഡംബര വീടുകളും സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ച് മനസ്സിലാക്കിയാണ് മോഷണം. രക്ഷപ്പെടാനുള്ള വഴികളും റോഡും മാപ്പിൽ കണ്ടെത്തി ആസൂത്രണം ചെയ്യും. യു.പി, ഡൽഹി എന്നിവിടങ്ങളിൽ അഞ്ച് മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ് പ്രതികൾ. കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പ്, വളപട്ടണം അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന മോഷണത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരുകയാണ്. എ.എസ്.ഐ അജയൻ, ഷൈജു, നാസർ, രാജേഷ്, നവീൻ, ജിഷ്ണു, ബാബുമണി എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.