കുട്ടനാട്: കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമബംഗാൾ സ്വദേശി വീട്ടമ്മയെയും മകനെയും മാരകമായി കുത്തിപ്പരിക്കേൽപിച്ചു. തലവടി പഞ്ചായത്ത് ഏഴാം വാർഡ് നീരേറ്റുപുറം കറുകയിൽ വിൻസി കോട്ടേജിൽ അനു ജേക്കബിന്‍റെ ഭാര്യ വിൻസി (50), മകൻ അൻവിൻ (25) എന്നിവരെയാണ് കുത്തിപ്പരിക്കേൽപിച്ചത്. സംഭവത്തിൽ ബംഗാൾ സ്വദേശി സത്താറിനെ (36) എടത്വ പൊലീസ് പിടികൂടി. ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം.
കുടിവെള്ളം ചോദിച്ച് സത്താർ ബഹളം വെച്ചതോടെ വീട്ടുകാർ വാതിൽ അടച്ച് അകത്തുകയറി. കതക് ഇടിച്ചും ചവിട്ടിയും തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വീടിന് മുറ്റത്ത് പൂട്ടിയിട്ട നായെ ആക്രമിച്ചു. നായുടെ കഴുത്തിൽ കയറിട്ട് മുറുക്കുന്നതുകണ്ട അൻവിൻ പുറത്തിറങ്ങി തടയാൻ ശ്രമിച്ചു. ഈ സമയം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അൻവിന്‍റെ നെഞ്ചിന് താഴെ കുത്തുകയായിരുന്നു. മകനെ കുത്തുന്നതുകണ്ട് ഓടിയെത്തിയ വിൻസിയുടെ നേരെയും സത്താർ തിരിഞ്ഞു. വിൻസിയുടെ കൈയിലാണ് കുത്തേറ്റത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ സത്താറിനെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കുത്തേറ്റ ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുത്തേറ്റ വിൻസി എടത്വ ട്രഷറി ഓഫിസ് ജീവനക്കാരിയാണ്. എടത്വ എസ്.ഐ സി.പി. കോശി, എ.എസ്.ഐ സജികുമാർ, സീനിയർ സി.പി.ഒ പ്രദീപ് കുമാർ, സി.പി.ഒ മാരായ സനീഷ്, കണ്ണൻ, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.