ലഖ്നോ: ഉത്തർപ്രദേശിലെ ഹാഥറസിൽ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. പരാതി ലഭിച്ചതിനെ തുടർന്ന് സേത്ത് ഫൂൽ ചന്ദ് ബാഗ്‍ല പി.ജി കോളജ് ചീഫ് പ്രോക്ടർ രജനീഷ് കുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ പൊലീസിനെ പേടിച്ച് ഒളിവിലാണിയാൾ. ഇയാൾ കോളജിലെ നിരവധി വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഏതാണ്ട് 10 മാസം മുമ്പ് അധ്യാപകൻ പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് യു.പി പൊലീസിന് ഒരു അജ്ഞാത ഫോൺ സന്ദേശം ലഭിക്കുകയുണ്ടായി. രജനീഷ് കുമാറിനെതിരെ പരാതി പറയാനായിരുന്നു ആ ഫോൺ സന്ദേശം. ഒരു പെൺകുട്ടിയായിരുന്നു വിളിച്ചിരുന്നത്. തന്റെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന് പെൺകുട്ടി പൊലീസിനോട് അഭ്യർഥിച്ചു. കാരണം പേര് പുറത്തറിഞ്ഞാൽ ആ പ്രഫസർ തന്നെ കൊല്ലുമെന്ന് പെൺകുട്ടി ഭയന്നിരുന്നു.
പരീക്ഷയിൽ നല്ല മാർക്ക് നൽകാമെന്നും കോളജിൽ അധ്യാപക ജോലി നൽകാമെന്നും വാഗ്ദാനം നൽകിയാണ് ഇയാളെ പെൺകുട്ടികളെ വശത്താക്കുന്നതെന്ന് പെൺകുട്ടി പറഞ്ഞു. കോളജ് അധികൃതരോട് ഇതുസംബന്ധിച്ച് പരാതിപ്പെട്ടിട്ട് ഒരു നടപടിയുമുണ്ടായില്ല.
പ്രഫസർ വിദ്യാർഥിനികളോട് അടുത്തിടപഴകുന്ന ദൃശ്യങ്ങളും പെൺകുട്ടി പൊലീസിന് കൈമാറി. 59 അശ്ലീല വിഡിയോകളടങ്ങിയ പെൻഡ്രൈവായിരുന്നു കൈമാറിയത്. തിരിച്ചറിയാതിരിക്കാൻ എല്ലാ പെൺകുട്ടികളുടെയും മുഖം കവർ ചെയ്ത രീതിയിലായിരുന്നു. രജനീഷ് കുമാർ തന്നെയാണ് ഒളിക്യാമറ ഉപയോഗിച്ച് ഈ വിഡിയോകൾ എടുത്തിരുന്നത്. ഇത്തരത്തിൽ നിരവധി സ്ത്രീകളെ പ്രഫസർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി നൽകിയ മൊഴി. പിന്നീട് ഈ വിഡിയോകൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടികളെ വീണ്ടും പീഡിപ്പിക്കും.
പരാതി ലഭിച്ചയുടൻ പൊലീസ് കുമാറിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ബലാത്സംഗം, ലൈംഗിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്. നിലവിൽ ചീഫ് പ്രോക്ടർ എന്ന പദവിയിൽ നിന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്നതിലായിരുന്നു പൊലീസ് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത്. 2023ൽ ചിത്രീകരിച്ച വിഡിയോ ആണ് പൊലീസിന്റെ കൈവശം ലഭിച്ചത്. പരാതി നൽകിയ പെൺകുട്ടിക്ക് തന്നെ ആരെങ്കിലും തിരിച്ചറിയുമോ എന്ന ഭയവുമുണ്ട്. രജനീഷ് കുമാർ പീഡിപ്പിച്ച ഒരു പെൺകുട്ടിയും അയാൾക്കെതിരെ മൊഴി നൽകില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.