മലപ്പുറം: സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കുറയുന്നില്ലെന്നതിന് കൂടുതൽ തെളിവുകളുമായി സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ പുതിയ കണക്കുകൾ. പൊതു ഇടങ്ങളിലും ജോലിസ്ഥലങ്ങളിലും വീട്ടകങ്ങളിൽപോലും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകതന്നെയെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും വനിത കമീഷനുകളിലെത്തുന്ന പരാതികളും വ്യക്തമാക്കുന്നത്. സ്ത്രീകൾക്കു നേരെ ഭർത്താവിന്റെയോ കുടുംബത്തിന്റെയോ പീഡനം സംബന്ധിച്ച കേസുകളിലാണ് 2021ൽ വലിയ വർധന രേഖപ്പെടുത്തിയത്.
2021 ജനുവരി മുതൽ നവംബർ വരെയുള്ള പൊലീസ് കണക്കുകൾ പ്രകാരം 4366 കേസുകളാണ് ഇത്തരത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഒരു മാസത്തെ കൂടി കണക്കുകൾ പുറത്തുവന്നാൽ എണ്ണം ഇനിയും കൂടും. 2020ൽ ഇത് 2707 കേസുകൾ മാത്രമായിരുന്നു. ഒരു വർഷത്തിനിടെ 1700ഓളം കേസുകളാണ് വർധിച്ചത്. 2019ൽ 2970 കേസുകളും 2018ൽ 2046ഉം, 217ൽ 2856ഉം, 2016ൽ 3455 ഉം കേസുകളും റിപ്പോർട്ട് ചെയ്തു.
അഞ്ചു വർഷത്തിനിടെ സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ (എല്ലാ കേസുകളും) കൂടുതൽ റിപ്പോർട്ട് ചെയ്തതും 2021ലാണ്. 2021ലെ ലഭ്യമായ വിവരങ്ങളിൽ 14,427 കേസുകളാണ് സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. 12,659 കേസുകളായിരുന്നു 2020ൽ രേഖപ്പെടുത്തിയത്. 2019ൽ 14,293ഉം 2018ൽ 13,643ഉം 2017ൽ 14,263ഉം കേസുകൾ രജിസ്റ്റർ ചെയ്തു. 2021ലെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ 3759 ലൈംഗികപീഡന കേസുകളും 2071 ബലാത്സംഗ കേസുകളും 172 തട്ടിക്കൊണ്ടുപോകൽ കേസുകളും സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
മലപ്പുറത്ത് നടന്ന വനിത കമീഷൻ അദാലത്തിലും നിരവധി പരാതികളാണ് എത്തിയത്. ലൈംഗിക പീഡന പരാതികൾക്ക് പുറമെ സ്ത്രീധനം സംബന്ധിച്ചും സ്വത്തു തർക്ക പരാതികളും ഏറെയാണെന്നും വനിത കമീഷൻ നടത്തുന്ന സിറ്റിങ്ങുകൾക്കു ശേഷം വ്യക്തമാകുന്നു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കുറയുന്നില്ലെന്നും സ്ത്രീകളുടെ അവകാശ ബോധമുയർന്നതിനാൽ പരാതികളുടെ എണ്ണം കൂടുന്നുണ്ടെന്നും വനിത കമീഷന് അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.