ഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാൽസംഗക്കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത നാലു പ്രതികൾക്ക് ജാമ്യം ലഭിച്ചു. ജൂൺ ആദ്യവാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്തവരായതിനാൽ പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയായിരുന്നു. തെലങ്കാന എം.എൽ.എയുടെ മകനടക്കം കേസിലെ പ്രതികളാണ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് ഇവർക്ക് ജാമ്യം നൽകിയത്.
കേസിൽ കസ്റ്റഡിയിലെടുത്ത അഞ്ചാമത്തെയാൾ ജുവനൈൽ ഹോമിൽ തുടരുകയാണ്. ഇയാളും ജാമ്യത്തിനായി തെലങ്കാന ഹൈകോടതിയെ സമീപിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സദുദ്ദീൻ മാലിക് ജയിലിലാണ്. കേസിലെ ഏക പ്രായപൂർത്തിയായ പ്രതിയും ഇയാളാണ്.
മേയ് 28ന് ഹൈദരാബാദിലെ ജൂബിലി ഹിൽ ഭാഗത്ത് കാറിൽ വെച്ച് ആറു പേർ ചേർന്ന് 17 കാരിയെ കുട്ട ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വലിയ രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലെ പ്ലസ് വണ്ണിനും പ്ലസ്ടുവിനും പഠിക്കുന്ന വിദ്യാർഥികളാണ് പ്രതികളിൽ അഞ്ചുപേരും.
പെൺകുട്ടിയെ വീട്ടിലെത്തിക്കാം എന്നു പറഞ്ഞാണ് സംഘം കാറിൽ കയറ്റിയത്. പകരം പേസ്ട്രി, കോഫീ കടയിലേക്ക് പോവുകയായിരുന്നു. കാർ ഒഴിവാക്കി ഇന്നോവയിലായിരുന്നു പിന്നീടുള്ള യാത്ര. പിന്നീട് കാർ വഴിയരികിൽ നിർത്തി പെൺകുട്ടിയെ കുട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. പ്രതികളെ തെലങ്കാന സർക്കാർ സംരക്ഷിക്കുകയാണെന്നാരോപിച്ച് ബി.ജെ.പിയും കോൺഗ്രസും രംഗത്തുവന്നിരുന്നു. സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ വിശദീകരണം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.