തിരുവനന്തപുരം: ജയിലുകളിലെ തടവുകാരുടെ ഫോൺ വിളികൾ സ്ഥിരീകരിച്ച് ഉത്തരമേഖല ജയിൽ ഐ.ജിയുടെ റിപ്പോർട്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിെൻറ ഓഫിസിലിരുന്നുപോലും കൊലക്കേസ് പ്രതികള്‍ ഫോൺ വിളിച്ചു. ടി.പി കേസ് പ്രതി കൊടി സുനിയുടെ ഫോൺ വിളിക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിച്ചെന്നും ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലും അതിസുരക്ഷാ ജയിലും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഉന്നതതല പൊലീസ് അന്വേഷണം ശിപാർശ ചെയ്യുന്ന റിപ്പോർട്ട് അടുത്ത ദിവസം സർക്കാർ ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കും. ടി.പി കേസ് പ്രതികള്‍ ജയിലില്‍ കിടന്ന് ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്നത് തെളിവ് സഹിതം മുമ്പ് പുറത്തുവന്നിരുന്നു. ഇന്നും അതിനൊരു നിയന്ത്രണവുമില്ലെന്നതിനൊപ്പം ഫോൺ വിളിക്ക് ഉന്നതരുടെ ഒത്താശയെന്ന് സ്ഥിരീകരിക്കുന്നതാണ് ഉത്തരമേഖല ജയില്‍ ഡി.ഐ.ജി എം.കെ. വിനോദ്കുമാറിെൻറ റിപ്പോര്‍ട്ട്.
കൊലക്കേസ് പ്രതികളായ കൊടി സുനി, റഷീദ് എന്നിവർ ആയിരത്തിലധികം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ജയിൽ സൂപ്രണ്ട് എ.ജി. സുരേഷും ഉദ്യോഗസ്ഥരിൽ ചിലരും തടവുകാർക്ക് ഫോൺ വിളി ഉൾപ്പെടെയുള്ളവക്ക് സൗകര്യങ്ങൾ ഒരുക്കാൻ സഹായം നൽകി. ഫോൺ വിളികളിൽ ഉന്നതതല പൊലീസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. റിപ്പോർട്ട് ജയിൽ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിന് കൈമാറി. അടുത്ത ദിവസം സർക്കാറുമായി കൂടിയാലോചിച്ച് വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാനാണ് ജയിൽ വകുപ്പ് ഉദ്ദേശിക്കുന്നത്. കൊടി സുനിയുടെയും റഷീദിെൻറയും ഫോൺ വിളികൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ടി.പി കൊലക്കേസ് പ്രതി കൊടി സുനിയും തൃശൂരിലെ ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദും പലതവണ ഫോൺ വിളിച്ചെന്ന് കണ്ടെത്തി. സൂപ്രണ്ട് ഓഫിസിലെ ജോലിക്കായി റഷീദിനെ നിയോഗിച്ചിരുന്നു. ആ സമയത്ത് ഓഫിസിലിരുന്നും റഷീദ് മൊബൈല്‍ ഉപയോഗിച്ചു. ഇവര്‍ ആരെയൊക്കെ ഫോൺ വിളിച്ചു, എത്ര തവണ വിളിച്ചു, എന്ത് സംസാരിച്ചു, ഫോണ്‍ എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പോലുള്ള പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. തന്നെ കൊല്ലാൻ റഷീദ് ക്വട്ടേഷൻ ഏറ്റെടുത്തെന്ന കൊടി സുനിയുടെ മൊഴിയിൽ കഴമ്പില്ലെന്ന് ഡി.ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തി. കൊടി സുനിയും റഷീദും ഉൾപ്പെടെ സംഘങ്ങൾ തമ്മിൽ സൗഹൃദത്തിലായിരുന്നെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.