രാ​ജീ​വ്

നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ

പൊന്നാനി: നിരവധി മോഷണ കേസുകളിലെ പ്രതിയായ മധ്യവയസ്കനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം പന്താവൂർ സ്വദേശി മണാലിപറമ്പിൽ സജീവ് എന്ന രാജീവ് (53) ആണ് അറസ്റ്റിലായത്. എടപ്പാൾ പാടത്തങ്ങാടിയിലെ വീട്ടിലെ മോഷണശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്. എടപ്പാൾ തുയ്യം വലിയ പാലത്തിനടുത്ത ബാർബർ ഷാപ്പിൽ ബാർബറായാണ് ഇയാൾ ഒളിവിൽ ജോലി ചെയ്തിരുന്നത്. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശി ബിജു എന്ന ആസിഡ് ബിജുവിന് എടപ്പാൾ പാടത്തങ്ങാടിയിൽ വാടക വീട് തരപ്പെടുത്തി കൊടുത്തത് ഇയാളായിരുന്നു.

എൻജിനിയർ എന്ന ലേബൽ പറഞ്ഞാണ് ബിജുവിനെ അയൽക്കാർക്ക് ഇയാൾ പരിചയപ്പെടുത്തിയത്. അയൽ വീടുകളിൽ മോഷണം പതിവായതോടെ ഈ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും കമ്പിപ്പാര, കട്ടർ, ബേക്കർ ഉളി എന്നിവയും ആസിഡ് ബിജുവിന്‍റെ രേഖകളും കണ്ടെടുത്തു.

സമീപകാലത്ത് ചങ്ങരംകുളം പെരുമ്പടപ്പ് ഭാഗത്ത് നടന്ന ചില മോഷണങ്ങളിൽ ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നു. പേരാമംഗലം, ഗുരുവായൂർ ക്ഷേത്രം, മരട്, വയനാട് പുൽപള്ളി എന്നിവിടങ്ങളിൽ നടത്തിയ മോഷണത്തിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ല ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണിയാൾ. പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂർ, എസ്.ഐ ദിനേശ്, എസ്.സി.പി.ഒമാരായ അഷറഫ്, സനീഷ്, സി.പി.ഒ വിനോദ് എന്നിവർ ചേർന്നാണ് രാജീവിനെ അറസ്റ്റ് ചെയ്തത്. ആസിഡ് ബിജുവിനായി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.