തിരൂരിലും സമീപത്തും ലഹരി വിൽപന പെരുകുന്നു

തിരൂർ: തിരൂരിലും സമീപ പ്രദേശങ്ങളിലും ലഹരി വിൽപന കൊഴുക്കുന്നു. തലക്കടത്തൂർ അരീക്കാട്, മൂച്ചിക്കൽ തുടങ്ങിയ ചെറു പ്രദേശങ്ങളിലും ലഹരി വിൽപ്പന സംഘങ്ങൾ സജീവമാണ്.

തലക്കടത്തൂർ അരീക്കാട്, തലപ്പറമ്പ് പാടത്ത് അടുത്തിടെയായി മാരക ലഹരി വസ്തുക്കൾ ഉൾപ്പെടെയുള്ളവ എത്തിച്ച് വിൽക്കുന്നതായി നാട്ടുകാർ പറയുന്നു. അതിരാവിലെ മുതൽ പല സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ അടക്കമുള്ളവർ ഇവിടെയെത്തുന്നുണ്ട്. രാത്രി വൈകിയും ലഹരി കച്ചവടം നടക്കുന്നുണ്ട്.

നഗരങ്ങളിൽ പൊലീസിന്റെയും എക്സൈസിന്റെയും പരിശോധന വർധിച്ചതോടെയാണ് ഉൾപ്രദേശങ്ങളിലേക്ക് ലഹരി വിൽപന സംഘങ്ങൾ ചുവടു മാറ്റിയത്. മുമ്പ് സമീപത്തെ പരന്നേക്കാട് കോളനിയിൽ ലഹരി വസ്തു വിൽപ്പന വർധിച്ചതോടെ നാട്ടുകാർ ഇടപെട്ടിരുന്നു. തുടർന്ന് ഇവിടെ ഇത്തരം കച്ചവടം അനുവദിക്കില്ലെന്ന തരത്തിൽ എഴുതിയ ഫ്ലെക്സ് ബോർഡും സ്ഥാപിച്ചിരുന്നു. ചെറിയ തീപ്പെട്ടിക്കൂടിലും പഴയ ടോർച്ച് ബാറ്ററിയിലും നിറച്ചാണ് ലഹരി വസ്തുക്കൾ ആവശ്യക്കാർക്കു നൽകുന്നത്.

തീരദേശത്തും ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമാണ്. സമീപ കാലത്തായി ട്രെയിൻ മാർഗമുള്ള ലഹരി സംഘങ്ങളെ എക്സൈസ്, ആർ.പി.എഫ്, പൊലീസ് എന്നിവർ പരിശോധനയിലൂടെ വലയിലാക്കിയിരുന്നു. റോഡ് മാർഗമുള്ള ലഹരി കടത്ത് സംഘങ്ങളെയും പൊലീസ്, എക്സൈസ് പിടികൂടിയിരുന്നു.

Tags:    
News Summary - In Tirur and nearby drug sales are rampant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.