ഒറ്റപ്പാലം: സുഹൃത്തിനെ കൊന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടിയ കേസിലെ പ്രതിയുമായി ഒറ്റപ്പാലം പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ലക്കിടി മംഗലം കേലത്ത് വീട്ടിൽ ആഷിഖിനെ (24) കൊന്നു കുഴിച്ചുമൂടിയ കേസിലാണ് പ്രതി പാലപ്പുറം ഐക്കലപറമ്പ് പാറക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസിനെ (25) തെളിവെടുപ്പിനെത്തിച്ചത്. 2015ൽ പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇക്കഴിഞ്ഞ 15ന് പട്ടാമ്പി പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതിനിടെ കൂട്ടുപ്രതിയായ ആഷിഖിനെക്കുറിച്ചുള്ള അന്വേഷണമാണ് രണ്ട് മാസം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരളഴിച്ചത്. ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടന്ന തിരച്ചിലിൽ ആഷിഖിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ഒറ്റപ്പാലത്തെ ആളൊഴിഞ്ഞ പറമ്പിൽ നടത്തിയ കൊലപാതകത്തിന് ശേഷം മൃതദേഹം പെട്ടിഓട്ടോയിൽ കയറ്റി ഐക്കലപ്പറമ്പ് പ്രദേശത്തെ മുളഞ്ഞൂർ തോടിന് സമീപം കുഴിച്ചിടുകയായിരുന്നു. പെട്ടിഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ രക്തക്കറയുണ്ടോ എന്ന് പരിശോധിക്കും. കഞ്ചാവ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പങ്കാളികളായ ഫിറോസും ആഷിഖും തമ്മിൽ സംഭവദിവസം ഉടലെടുത്ത തർക്കമാണ് കൊലപതകത്തിലെത്തിച്ചത്. ആഷിഖിന്റെ കഴുത്തിലും നെഞ്ചിലുമായി കത്തികൊണ്ടുള്ള അഞ്ച് കുത്തുകളേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ഫിറോസിനെ തെളിവെടുക്കാനായി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കൊന്നു കുഴിച്ചിട്ട സ്ഥലത്തുൾപ്പെടെ ഏതാനും പ്രദേശങ്ങളിൽ പ്രതിയുമായി പൊലീസ് തെളിവെടുത്തു. കൊലപാതക ശേഷം വീട്ടിലെത്തി വസ്ത്രം മാറിയെന്നും കൃത്യം നടക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച് ചാരം തോട്ടിലൊഴുക്കിയെന്നുമാണ് ഇയാൾ പറഞ്ഞത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും തോട്ടിലെറിഞ്ഞതായി പറയുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തിന് കണ്ടെടുക്കാനായിട്ടില്ല. 2021 ഡിസംബർ 17നാണ് ആഷിഖ് വധിക്കപ്പെടുന്നത്. ബുധനാഴ്ചയും തെളിവെടുപ്പ് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.