ഷൊർണൂർ: മാതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ രണ്ട് പിഞ്ചോമനകൾക്ക് നാട് കണ്ണീരോടെ വിട നൽകി. ശനിയാഴ്ച രാത്രിയിലാണ് മഞ്ഞക്കാട് കുന്നത്താഴത്ത് പരിയാന്തടം വെളുത്തേടത്ത് വിനോദിെൻറ മക്കളായ അനിരുദ്ധ് (നാല്), അഭിനവ് (ഒന്ന്) എന്നിവർ കൊല്ലപ്പെട്ടത്.
ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് കുട്ടികളുടെ മാതാവ് ദിവ്യ (28) കുറ്റസമ്മതം നടത്തിയിരുന്നു. ഉറക്കഗുളിക കഴിച്ചും കൈ ഞെരമ്പ് മുറിച്ചും ജീവനൊടുക്കാൻ ശ്രമിച്ച ഇവർ വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കോവിഡ് ടെസ്റ്റിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് കുട്ടികളുടെ പോസ്റ്റ്മോർട്ടം നടപടികളാരംഭിച്ചത്. ഉച്ചക്ക് ഒന്നോടെയാണ് ഷൊർണൂരിലുള്ള വീട്ടിലേക്ക് എത്തിച്ചത്.
അലമുറയിട്ട് കരഞ്ഞ അച്ഛൻ വിനോദ്, അച്ഛമ്മ അനിത, മുതുമുത്തശ്ശി അമ്മിണി അമ്മ എന്നിവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടു. വീട്ടുകാരടക്കമുള്ളവർ സിറ്റൗട്ടിൽ വെച്ചാണ് അന്ത്യചുംബനം നൽകിയത്. പത്ത് മിനിറ്റിനകം ചെറുതുരുത്തി പള്ളത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഇതിനിടെ മക്കളെ കാണാൻ മാതാവ് ദിവ്യ ആഗ്രഹം പ്രകടിപ്പിച്ചതായി അറിഞ്ഞു.
എന്നാൽ, അവർ നിർബന്ധം പിടിക്കാതിരുന്നതിനാലും വീട്ടിലേക്ക് കൊണ്ടു വന്നാൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുണ്ടായതിനാലും അതുണ്ടായില്ല. മാതാവിനെതിരെ കൊലക്കുറ്റം ചുമത്തിയ പൊലീസ് ആശുപത്രിയിൽ നിന്നും വിടുതൽ ചെയ്യുന്നതോടെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.