കോട്ടയം: ജില്ലയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിൽ വർധന. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ മാത്രം 142 പോക്സോ കേസുകളാണ് ജില്ലയിൽ രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗമാണ് ഭൂരിഭാഗം കേസുകളിലും വില്ലൻ. ഫോൺ സൗഹൃദത്തിനൊടുവിൽ പതിനാറുകാരിയോട് നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട കേസിൽ ആന പാപ്പാൻ അറസ്റ്റിലായതാണ് ഈ പട്ടികയിലെ അവസാനത്തേത്. വിഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി ഇതിനിടെ വിഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
പെൺകുട്ടി ഫോണിൽ സ്ഥിരം ചാറ്റിങ്ങിൽ ഏർപ്പെടുന്നതു മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. ഇവർ പാലാ പൊലീസ് നൽകിയ പരാതിയിലാണ് എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജി അറസ്റ്റിലായത്.
ആഴ്ചകൾക്ക് മുമ്പാണ് 13കാരിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസ് കണ്ടക്ടർ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ചത്. ഈ കേസിൽ ഒളിവിലായിരുന്ന ഒരാളെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
സംക്രാന്തി സ്വദേശി അഫ്സലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മറ്റൊരു കണ്ടക്ടറായ വിഷ്ണു, ഡ്രൈവർ എബിൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച നിരവധി കേസുകളാണ് മാസങ്ങൾക്കുള്ളിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് എരുമേലി, മുണ്ടക്കയം, പാലാ, ഈരാറ്റുപേട്ട, വൈക്കം, കുമരകം, കടുത്തുരുത്തി, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് ഏറ്റവും അധികം കേസുകള്‍.സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണത്തില്‍ 2013ല്‍ കോട്ടയം 11ആം സ്ഥാനത്തായിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം ഒമ്പതാം സ്ഥാനത്താണ്.
2016ല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 112 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതാണ് ഉയർന്നത്.
കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ടവരാണ് പെണ്‍കുട്ടികളെ ഏറ്റവും കൂടുതല്‍ ചൂഷണത്തിന് വിധേയമാക്കിയത്. റിപ്പോര്‍ട്ട് ചെയ്യുന്ന പോക്സോ കേസുകളില്‍ 80 ശതമാനത്തിന് മുകളിലും മൊബൈല്‍ ഫോണാണ് വില്ലനെന്നു പൊലീസ് പറയുന്നു. പത്ത്, ഹയര്‍സെക്കന്‍ഡറി വിദ്യാർഥികളാണ് കൂടുതലും ചൂഷണത്തിനിരയായത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി വാങ്ങിയ ഫോണ്‍ കുട്ടികള്‍ ദുരുപയോഗം ചെയ്തത് രക്ഷിതാക്കളും അറിയുന്നില്ല.
ഫേസ് ബുക്ക്, വാട്സ്ആപ്, ഇന്‍സ്റ്റഗ്രാം സൗഹൃദങ്ങളാണ് ഒരു വിഭാഗം ദുരുപയോഗം ചെയ്യുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ ഫോണ്‍ കര്‍ശനമായി പരിശോധിച്ചാല്‍ മാത്രമേ ഇത്തരം ചതികളില്നിന്ന് കുട്ടികളെ രക്ഷിക്കാന്‍ കഴിയൂവെന്നു പൊലീസ് പറഞ്ഞു. ഏതൊക്കെ ആപ്ലിക്കേഷനുകളാണ് ഫോണില്‍ ഉപയോഗിക്കുന്നതെന്നും സൗഹൃദം ആരോടൊക്കെയാണെന്നും നിരീക്ഷിക്കണമെന്നും പൊലീസ് നിര്‍ദേശിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ് ലൈവായി നടക്കുമ്പോള്‍പോലും മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഏറെയാണ്. പോക്സോ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും പൊലീസ് നിർദേശിക്കുന്നു.
എട്ടാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം: ഒളിവിലിരുന്ന മൂന്നാം പ്രതി പിടിയിൽ
ഏറ്റുമാനൂർ: പ്രണയംനടിച്ച് എട്ടാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലിരുന്ന മൂന്നാം പ്രതിയെ ഏറ്റുമാനൂരിൽനിന്ന് പിടികൂടി. ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരനെയാണ് (30)പാലാ സി.ഐ കെ.പി. ടോംസണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം. 13കാരിയായ എട്ടാംക്ലാസ് വിദ്യാർഥിനിയെ ബസ് കണ്ടക്ടർ അഫ്സൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ചു. പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം മറ്റൊരു കണ്ടക്ടറായ വിഷ്ണുവും ഡ്രൈവർ എബിനും അഫ്സലിന് ഒത്താശചെയ്ത് ബസിന്റെ ഷട്ടർ താഴ്ത്തി പുറത്തുപോയി. പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് പാലാ സി.കെ കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസിനുള്ളിൽനിന്ന് പെൺകുട്ടിയെയും പ്രതി സംക്രാന്തി സ്വദേശി അഫ്സലിനെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഒത്താശ ചെയ്തുകൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും സ്റ്റാൻഡിനുള്ളിൽനിന്ന് പിടികൂടി. കണ്ടക്ടർ വിഷ്ണു സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൾ തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞശേഷം കഴിഞ്ഞ ഒരാഴ്ചയായി ഏറ്റുമാനൂർ അമ്പലത്തിനുസമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിച്ചുവരുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി അഫ്സലും രണ്ടാം പ്രതി എബിനും റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.