അബൂദബി: അബൂദബിയില്‍ ബന്ധുവിന്റെ കുത്തേറ്റ പ്രവാസി മലയാളിയുടെ മരണം ഉള്‍ക്കൊള്ളാനാവാതെ കുടുംബവും സുഹൃത്തുക്കളും. ഒന്നുമില്ലായ്മയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ട് പ്രവാസജീവിതം കരുപ്പിടിപ്പിച്ചുവരുമ്പോഴും കുടുംബത്തെയും കൂട്ടുകാരെയും ചേര്‍ത്തുപിടിച്ചിരുന്നു മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പില്‍ യാസിര്‍.
കുടുംബപരമായി ഉത്തരവാദിത്തം കൂടുതല്‍ ഉള്ളതിനിടയിലും സഹായങ്ങള്‍ ചെയ്യുന്നതിന് ഒരു മടിയുമുണ്ടായില്ല. അങ്ങനെയാണ് അടുത്ത ബന്ധുവിനെ കൂടെ കൂട്ടിയത്. ആ സന്മനസ്സ് യാസിറിന്റെ ജീവനെടുക്കുകയും ചെയ്തു. ഒപ്പം ജോലിക്കു കൂടെക്കൂട്ടിയ ബന്ധുവായ മുഹമ്മദ് ഗസാനി, സാമ്പത്തിക തര്‍ക്കങ്ങളിലേര്‍പ്പെട്ട് യാസിര്‍ അറഫാത്തിനെ (38) കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. യാസിറും ഗസാനിയും മറ്റു രണ്ടു സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തുന്നതിനിടെയാണ് സംഭവം.
പ്രകോപിതനായ ഗസാനി കത്തി എടുത്തതോടെ മൂവരും ഇറങ്ങിയോടി. ഓട്ടത്തിനിടെ യാസിര്‍ വീണുപോവുകയും ഗസാനി കുത്തുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടര്‍ന്ന് യാസിറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഗസാനി പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, യാസിറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. രേഖകള്‍ ശരിയാക്കി തിങ്കളാഴ്ച നാട്ടില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.