പൃഥ്വി ഷായ്ക്കുനേരെ ആക്രമണം: സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗില്‍ അറസ്റ്റില്‍

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കുനേരെ നടന്ന ആക്രമണത്തിൽ യുവതി അറസ്റ്റിൽ. ഭോജ്പുരി നടിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ സപ്‌ന ഗില്ലിനെതിരെയാണ് നടപടി. സംഭവത്തിൽ പൃഥ്വി ഷായുടെ കാർ അക്രമികൾ പിന്തുടരുന്നതടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഭോജ്പുരിയിലടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് സ്പന. പാർലമെന്റ് അംഗവും നടനുമായ രവി കിഷൻ, ഭോജ്പുരി നടൻ ദിനേഷ് ലാൽ യാദവ് എന്നിവർക്കൊപ്പം സഹനടിയായും അഭിനയിച്ചിട്ടുണ്ട്. കാശി അമർനാഥ്, നിർഹുവ ചലാൽ ലണ്ടൻ, മേര വതൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

ചണ്ഡിഗഢ് സ്വദേശിയായ സപ്‌ന ഇപ്പോൾ മുംബൈയിലാണ് കഴിയുന്നത്. ഇൻസ്റ്റഗ്രാമിൽ 2,20,000ത്തോളം ഫോളോവർമാരുള്ള ഇവർ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായും ശ്രദ്ധേയയാണ്. വിഡിയോ ഷെയറിങ് ആപ്പായ ജോഷ്, മെസേജിങ് ആപ്പായ സ്‌നാപ്പ് ചാറ്റ് എന്നിവയിലും യൂട്യൂബിലുമെല്ലാം സജീവമാണ്.

ഇന്നലെ അന്വേഷണത്തിന്റെ ഭാഗമായി നടിയെയും സുഹൃത്തുക്കളെയും പൊലീസ് ഓഷിവാറ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽ ഹാജരായ സപ്‌നയ്ക്ക് അക്രമത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രിഥ്വി ഷായുടെ ബി.എം.ഡബ്ല്യു കാർ നടിയുടെ കൂട്ടാളികൾ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് അടിച്ച് തകർത്തതായും പൊലീസ് പറയുന്നു.

സെൽഫിയിൽ തുടങ്ങിയ കലഹം; നടുറോട്ടിലെ 'ഷോ'

ബുധനാഴ്ച രാത്രി മുംബൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ മാൻഷൻ ക്ലബിലുള്ള സഹാറാ പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പൃഥ്വി ഷാ. ഈ സമയത്താണ് ഇവിടെയെത്തിയ സപ്‌ന ഗില്ലും സുഹൃത്ത് ശോഭിത് താക്കൂറും സെൽഫി ആവശ്യപ്പെട്ടത്.

പൃഥ്വി ഷാ ഒരു ഫോട്ടോയ്ക്ക് നിന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും സംഘം വീണ്ടും സെൽഫി ആവശ്യപ്പെട്ടു. ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും തങ്ങളെ വിടണമെന്നും താരം അപേക്ഷിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നാണ് ആരോപണം. താരം പരാതി പറഞ്ഞതോടെ ഹോട്ടൽ ജീവനക്കാർ ഇവരെ പുറത്താക്കി. തുടർന്ന് സംഘം പുറത്ത് കാത്തുനിൽക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

തുടർന്ന് പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ ബി.എം.ഡബ്ല്യു കാർ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു. ബേസ്‌ബോൾ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു. പിന്നീട് പൃഥ്വി ഷായും സപ്‌നയും തമ്മിൽ ഉന്തും തള്ളും കൈയേറ്റവും നടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ബേസ്ബാൾ ബാറ്റ് കൊണ്ട് താരം യുവതിയെ കൈയേറ്റം ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൃഥ്വി ഷാ തങ്ങളെ ശാരീരികമായി മർദിച്ചെന്ന് ഇവർ ആരോപിക്കുന്നുണ്ട്.

പൃഥ്വിയുടെ സുഹൃത്തുക്കളാണ് പെൺകുട്ടി അടങ്ങുന്ന സംഘത്തെ ആദ്യമായി ആക്രമിച്ചതെന്ന് ഇവരുടെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ ആരോപിച്ചു. താരം മദ്യലഹരിയിലായിരുന്നുവെന്നും ഓഷിവാറ സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ മെഡിക്കൽ അടക്കമുള്ള നടപടികൾക്ക് പൊലീസ് തയാറായില്ലെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി.

അതേസമയം, ഒന്നം സംഭവിച്ചിട്ടില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് പൃഥ്വി ഷാ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. അവരാണ് അക്രമിച്ചതെന്നും കൂടുതൽ പറയാനില്ലെന്നും താരം കൂട്ടിച്ചേർത്തു.

Tags:    
News Summary - Influencer Sapna Gill arrested for hitting Prithvi Shaw’s BMW with baseball bat: New footage emerges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.