അടൂർ: മണ്ണു മാഫിയയില്‍ നിന്ന് സ്‌റ്റേഷന്‍ ചെലവിന് പണം കൈപ്പറ്റിയെന്ന വിവരത്തെ തുടര്‍ന്ന് അടൂര്‍ പൊലീസ് സ്‌റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരേ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങി. സ്‌റ്റേഷനിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ക്വാര്‍ട്ടേഴ്‌സിലേക്കുള്ള തടിക്കട്ടില്‍ എന്നിവ വാങ്ങിയതിന് പണം കൈപ്പറ്റിയെന്നും പ്രതിയെ പിടികൂടാന്‍ വേണ്ടി പോയത് മണ്ണു മാഫിയ നേതാവിന്റെ വാഹനത്തിലാണെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അന്വേഷണം. ഇതു സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ മേലധികാരിക്ക് സമര്‍പ്പിച്ചുവെന്നാണ് സൂചന.
സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് നടന്ന ഇടപാടുകളുടെ വിവരം ചോര്‍ന്നതോടെ ആരോപണ വിധേയരായവര്‍ പ്രതിരോധത്തിലുമാണ്. വിവരം ചോര്‍ത്തിയവരെ കാള്‍ ഡീറ്റൈയ്ല്‍സ്എടുത്ത് കണ്ടുപിടിക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് ഡ്യൂട്ടി തരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അടക്കം സംശയ നിഴലിലാണ്. അടൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ നിയമപരമായും അല്ലാതെയും മണ്ണെടുപ്പ് നടക്കുന്നുണ്ട്. എതു രീതിയില്‍ മണ്ണെടുത്താലും അതിനെല്ലാം പോലീസുകാരില്‍ ചിലര്‍ പടി കൈപ്പറ്റുന്നുവെന്നാണ് പരാതി. നിലവില്‍ മണ്ണെടുപ്പ് രംഗത്തില്ലാത്ത മുന്‍ മണ്ണെടുപ്പുകാരെയും പിരിവ് ചോദിച്ച് വിളിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് മണ്ണു മാഫിയയില്‍ നിന്ന് പണം പിരിക്കുന്നത് എന്നാണ് വിവരം. രണ്ട് പോലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഈ രീതിയില്‍ നടത്തിയിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സുകളില്‍ നിലവിലുള്ള ഇരുമ്പു കട്ടിലുകള്‍ക്ക് പുറമേ തടിക്കട്ടിലുകളും വാങ്ങിയിട്ടുണ്ടത്രേ. ഏറ്റവും രൂക്ഷമായ ആരോപണം ഏഴംകുളത്തുള്ള മണ്ണു മാഫിയ നേതാവിന്റെ സ്വകാര്യ വാഹനം എടുത്ത് പ്രതിയെ പിടിക്കാന്‍ വടക്കന്‍ ജില്ലകളിലേക്ക് പോയി എന്നുള്ളതാണ്.
സ്‌റ്റേഷനിലെ നിത്യനിദാന ചെലവുകള്‍ക്ക് പണം വാങ്ങിയതിനെ ന്യായീകരിക്കുന്ന മേലുദ്യോഗസ്ഥര്‍ അടക്കം പ്രതിയെ പിടിക്കാന്‍ പോകാന്‍ മണ്ണു മാഫിയ നേതാവിന്റെ വാഹനം കടമെടുത്ത നടപടിയെ ന്യായീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഇന്റലിജന്‍സും സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തുന്നത്. സ്‌റ്റേഷന്‍ ചെലവുകള്‍ക്ക് പണം വാങ്ങുന്നതിനെ ന്യായീകരിക്കുകയാണ് മറ്റ് ഉദ്യോഗസ്ഥന്‍ ചെയ്യുന്നത്. നിയമലംഘനം നടത്തുന്നവരില്‍ നിന്ന് പണം കൈപ്പറ്റുന്നതാണ് അന്വേഷണ പരിധിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.