ജാംഷഡ്പൂർ: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ അറസ്റ്റിലായി. ഝാർഖണ്ഡിലെ ജാംഷഡ്പൂരിൽ തിങ്കളാഴ്ചയാണ് സംഭവം. തല തകർത്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സാക്ചി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ധർമേന്ദ്ര കുമാർ സിങ് (39) ആണ് കാമുകി വർഷ പേട്ടലിനെ കൊലപ്പെടുത്തി മൃതദേഹം കുളത്തിലെറിഞ്ഞതെന്ന് എസ്.പി സുഭാഷ് ചന്ദ്ര ജാട്ട് അറിയിച്ചു.
32കാരിയായ വർഷയെ നവംബർ 12 മുതൽ കാണാനില്ലെന്ന് കാണിച്ച് സഹോദരി ജയ പരാതി നൽകിയിരുന്നു. ഒരു വർഷത്തിലേറെയായി സിങ്ങും വർഷയും തമ്മിൽ പ്രണയത്തിലായിരുന്നു.
പണം തട്ടിയെടുക്കാൻ അവൾ തന്നെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും ബിഹാറിലെ ഭോജ്‌പൂർ ജില്ലയിലെ സ്വന്തം നാട്ടിൽ പോകാൻ വിടാറില്ലായിരുന്നുവെന്നും സിങ് പൊലീസിനോട് പറഞ്ഞു. ഇതിൽ മനംമടുത്താണ് വർഷയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതി പറഞ്ഞു.
ടെൽകോ ഭാഗത്തുള്ള തന്‍റെ താമസസ്ഥലത്തെത്തിച്ച ശേഷം ചുമരിലിടിച്ച് തല തകർക്കുകയായിരുന്നു ആദ്യം. ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശേഷം വർഷയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി സമീപത്തെ കുളത്തിലെറിഞ്ഞു.
വർഷയുടെ സാധനങ്ങൾ സുവർണരേഖ നദിയിൽ എറിഞ്ഞ പ്രതി മൊബൈൽ ഫോൺ ബിസ്താപൂരിലെ ഒരുകുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ഇത് പിന്നീട് പൊലീസ് കണ്ടെത്തി. നവംബർ 18നാണ് വർഷയുടെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.