കാക്കനാട്: ഓയോ അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ചുള്ള എം.ഡി.എം.എ വിൽപന കേസിൽ മുഖ്യപ്രതികളിൽ ഒരാളായ ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദ്ദീൻ സേഠ് (56) പിടിയിൽ. മധുര സിക്കമംഗലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കുടുംബവുമായി രക്ഷപ്പെടാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
ചെന്നൈ ട്രിപ്ലിക്കൻസിൽ തങ്ങിയ കാക്കനാട് എം.ഡി.എം.എ കേസിലെ പ്രതികൾക്ക് മയക്കുമരുന്ന് കൈമാറിയത് മൊത്തക്കച്ചവടക്കാരനായ ഷംസുദ്ദീൻ ആയിരുന്നു. മാസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി.എം. കാസിമിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കുടുക്കിയത്. കാരക്കൽ, നാഗൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷംസുദ്ദീൻ സേഠ് കഴിഞ്ഞ ദിവസം മധുരയിലെ ബന്ധുവീട്ടിൽ എത്തിയതായി ക്രൈം ബ്രാഞ്ച് ജോയന്റ് എക്സൈസ് കമീഷണർ കെ.എ. നെൽസണിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ കുടുങ്ങിയത്. ഈ കേസിൽ 25ാം പ്രതിയായ ഇയാൾക്കായി ചെന്നൈ കസ്റ്റംസ് യൂനിറ്റും അന്വേഷണം നടത്തിയിരുന്നു.
കൊച്ചിയിൽ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിൽ മലയാളികൾക്കടക്കം നിരവധിപ്പേർക്ക് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടെന്ന് ഇയാൾ മൊഴി നൽകി. സർക്കിൾ ഇൻസ്പെക്ടർ കെ.വി. സദയകുമാർ, എക്സൈസ് ഇൻസ്പെക്ടർ ടി.ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫിസർ എം.എ. യൂസഫലി, ഷിജു ജോർജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.