കൊച്ചി: കണ്ടല സർവിസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും മുൻ സി.പി.ഐ നേതാവുമായ എൻ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കൊച്ചി ഇ.ഡി ഓഫിസിൽ 10 മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാത്രി ഒമ്പതോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
ഭാസുരാംഗനും ബാങ്ക് ഭരണസമിതി ഭാരവാഹികളും സാമ്പത്തിക തിരിമറിയിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് ഇ.ഡി നടപടി തുടങ്ങിയത്. മുമ്പ് രണ്ടുതവണ ഭാസുരാംഗനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ക്രമക്കേട് സംബന്ധിച്ച് സഹകരണ വകുപ്പ് രജിസ്ട്രാറിൽനിന്ന് ഇ.ഡി റിപ്പോർട്ട് വാങ്ങുകയും ചെയ്തു. വർഷങ്ങളായി തുടരുന്ന വഴിവിട്ട നടപടികളിലൂടെ ബാങ്കിൽ 101 കോടിയുടെ സാമ്പത്തിക തിരിമറി നടന്നതായാണ് രജിസ്ട്രാറുടെ കണ്ടെത്തൽ. ഈ മാസം എട്ടിന് ഭാസുരാംഗനെ വീട്ടിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് 20 മണിക്കൂറോളം ചോദ്യം ചെയ്യുകയും രേഖകളും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഭാസുരാംഗനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ ബിനാമികളെന്ന് സംശയിക്കുന്നവരെയും ചോദ്യം ചെയ്തു. സി.പി.ഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടിവ് അംഗമായിരുന്ന ഭാസുരാംഗനെ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ആദ്യം പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തുകയും പിന്നീട് പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
30 വർഷത്തിലേറെയായി കണ്ടല ബാങ്ക് പ്രസിഡന്റായിരുന്നു ഭാസുരാംഗൻ. ആരോപണങ്ങളെത്തുടർന്ന് ഭരണസമിതി രാജിവെക്കുകയും അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയുമായിരുന്നു. ബാങ്കിന് 26 കോടിയുടെ നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതാണ് പ്രതിസന്ധിയുടെ കാരണമെന്നുമാണ് ഭാസുരാംഗന്റെ വിശദീകരണം. ഇരുവരുടെയും മൊഴികളിൽ പൊരുത്തക്കേടുള്ളതായും സ്വത്തുക്കളുടെ ഉറവിടം സംബന്ധിച്ച് അവ്യക്തതയുണ്ടെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് വ്യക്തമാണെന്നുമാണ് ഇ.ഡി അധികൃതർ പറയുന്നത്. ഭാസുരാംഗനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.