പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വീണ്ടും മൊബൈൽ ഫോൺ മോഷണം. വാര്‍ഡിലെ സുരക്ഷാജീവനക്കാരന്റെ ഉൾപ്പെടെ മൊബൈല്‍ ഫോണുകൾ കവർന്നു. ശനിയാഴ്ച ഏഴ് മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്. ആശുപത്രിയുടെ ഏഴാംനിലയിലെ 708ാംം വാര്‍ഡിന് മുന്നിലാണ് സംഭവം. ശനിയാഴ്ച രാത്രി വരാന്തയില്‍ ഉറങ്ങിയവരുടെ ഒരു ഐഫോണ്‍ ഉള്‍പ്പെടെ ആറ് ഫോണുകളാണ് കാണാതായത്. ഇരിട്ടി വിളക്കോട്ടെ ലിനീഷ് കുമാറിന്റെതാണ് നഷ്ടപ്പെട്ട ഐ ഫോണ്‍. കുപ്പം ചുടലയിലെ സി.വി. പ്രമോദും പരാതി നല്‍കിയിട്ടുണ്ട്.
ആശുപത്രിയിലെ സുരക്ഷാജീവനക്കാരന് മനോജും പൊലീസില്‍ പരാതി നല്കി. മറ്റുള്ളവര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ ഏഴാംനിലയില്‍ സി.സി.ടി.വി കാമറകളില്ലാത്തത് മോഷ്ടാവിന് സൗകര്യമായി.
കിഫ്ബി അനുവദിച്ച 35 കോടിയുടെ നവീകരണപദ്ധതി നടന്നുവരുന്നതില്‍ കൂടുതല്‍ സി.സി.ടി.വി കാമറകള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. നഷ്ടമായവയിൽ ഐ ഫോണ്‍ ഒഴികെയുള്ളവ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു. നേരത്തെയും മെഡിക്കല്‍ കോളജില്‍നിന്ന് ഫോണ്‍ മോഷണംപോയിരുന്നു. ഈ കേസില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ പ്രതി തന്നെയാണോ വീണ്ടും മോഷണത്തിനെത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മെഡിക്കല്‍ കോളജിലെ ഓപറേഷന് തിയറ്ററില്‍നിന്ന് ഏഴ് ലക്ഷം രൂപ വിലവരുന്ന ലാവിഞ്ചോ സ്കോപ്പി മോഷ്ടിച്ചവരെയും കാത്ത്ലാബ് തകര്‍ത്തവരെയും ഇതേവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.