ബംഗളൂരു: ബുദ്ധിമതിയും കഠിനാധ്വാനിയുമായ ജീവനക്കാരിയെ ആണ് നഷ്ടമായിരിക്കുന്നതെന്ന് കൊല്ലപ്പെട്ട സർക്കാർ ജീവനക്കാരിയുടെ സഹപ്രവർത്തകർ. സുബ്രഹ്മണ്യ നഗരത്തിലെ വീട്ടിലാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ജോലി ചെയ്യുകയായിരുന്ന കെ.എസ്. പ്രതിമ(45)യെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കൂടുതൽ ഗ്രാമപ്രദേശങ്ങളുൾപ്പെടെ നഗരത്തിലുടനീളം തന്റെ ജോലികൾ നയിച്ച പ്രതിമ, ശിവമൊഗ്ഗയിലെ ഒരു കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി, ഒരു വർഷത്തിലേറെയായി ബെംഗളൂരുവിൽ ജോലി ചെയ്തുവരികയായിരുന്നു.
വളരെ കഠിനാധ്വാനം ചെയ്യുന്ന വളരെ ചലനാത്മകമായ വനിതയായിരുന്നു പ്രതിമ എന്നാണ് പരിസ്ഥിതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതിമയെ വിശേഷിപ്പിച്ചത്. വളരെ ധീരയായിരുന്നു അവർ. എന്തു പരിപാടിയായാലും വകുപ്പുതലത്തിൽ പ്രതിമ കൈയടി നേടുമായിരുന്നുവെന്നും സഹപ്രവർത്തകർ ഓർക്കുന്നു.
പ്രതിമയുടെ കൊലപാതകത്തിന് പിന്നാലെ പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിമയുടെ മുൻ ഡ്രൈവറായ കിരണിനെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 10 ദിവസം മുമ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അഞ്ച് വർഷമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുകയായിരുന്നു പ്രതി. തന്നെ ജോലിയിൽനിന്ന് പുറത്താക്കിയതിലുള്ള പകയാണ് പ്രതിമയെ കൊലപ്പെടുത്തുന്നതിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
കൃത്യത്തിനു ശേഷം കിരൺ ബംഗളൂരുവിൽ 200 കി.മി അകലെയുള്ള ചമരഞ്ജനഗറിലേക്ക് രക്ഷപ്പെട്ടിരുന്നു. പ്രതിമയുടെ ഭർത്താവും മകനും ശിവമൊഗ്ഗയിലാണ് താമസിക്കുന്നത്. ജോലിയാവശ്യാർഥം സുബ്രഹ്മണ്യ നഗരത്തിലായിരുന്നു പ്രതിമയുടെ താമസം. ഞായറാഴ്ച രാത്രി 8.30 ഓടെ കഴുത്തറുത്ത നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരനാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ആറുമണിവരെ പ്രതിമ ഓഫിസിലുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതിനു ശേഷം ഏതാണ്ട് ഏട്ടു മണിയോടെ കിരണിനു ശേഷം വന്ന ഡ്രൈവറാണ് പ്രതിമയെ വീട്ടിൽകൊണ്ടുവന്നത്.
കൊലപാതകം നടന്നത് ശനിയാഴ്ച രാത്രി എട്ടിനും ഞായറാഴ്ച രാവിലെ എട്ടുമണിക്കും ഇടയിലാണെന്നാണ് പൊലീസ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.