കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്‍റെ ഭാര്യ കാവ്യ മാധവന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുള്ളത്.
അതേസമയം, ദിലീപിന്‍റെ ആലുവയിലെ 'പത്മസരോവരം' വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ നോട്ടീസിന് മറുപടി നൽകി. ഇതിന് ക്രൈംബ്രാഞ്ച് മറുപടി നൽകിയിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസിൽ മുമ്പ് രണ്ടു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും കാവ്യ ഹാജരായിരുന്നില്ല. സ്ഥലത്തില്ലെന്നാണ് ആദ്യം മറുപടി നൽകിയത്. രണ്ടാം തവണ നോട്ടീസ് നൽകിയപ്പോൾ ദിലീപിന്‍റെ ആലുവയിലെ 'പത്മസരോവരം' വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. ഇതിന് ക്രൈംബ്രാഞ്ച് തയാറാകാതെ വന്നതോടെ ചോദ്യം ചെയ്യൽ മുടങ്ങുകയായിരുന്നു.
എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്ന ദിലീപിന്‍റെ വീട്ടിൽ എത്തണമെന്ന ആവശ്യം ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. ഈ നിബന്ധന മറികടക്കുന്നതിനുള്ള നിയമസാധുത ക്രൈംബ്രാഞ്ച് പരിശോധിച്ചതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് കാവ്യയെ സംശയനിഴലിൽ നിർത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയിൽ വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.