ആലുവ: ദേശീയപാതയിൽ തോക്ക് ചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കായംകുളം പുള്ളിക്കണക്ക് കണ്ടശേരി പടിയിട്ടതിൽ അൻസാബാണ് (മാളു -27) പിടിയിലായത്. രണ്ടുദിവസം മുമ്പ് ഈ കേസുമായി ബന്ധപ്പെട്ട് അരുൺ അജിത് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
മാർച്ച് 31ന് പുലർച്ച കമ്പനിപ്പടി ഭാഗത്താണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദിച്ചശേഷം ഇയാളെ കളമശ്ശേരിയിൽ ഇറക്കിവിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നുകളയുകയായിരുന്നു. കാറിൽ 15 ചാക്കോളം ഹാൻസ് ആയിരുന്നെന്നാണ് സൂചന. ബംഗളൂരുവിൽനിന്ന് മൊത്തമായി വാങ്ങി ആലുവയിൽ വിൽപനക്ക് എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഇരുപതോളം കവർച്ചക്കേസുകളും വധശ്രമവും ഉൾപ്പെടെ 26 കേസുകളിലെ പ്രതിയാണ് ഇയാൾ. തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് മാർച്ചിലാണ് പുറത്തിറങ്ങിയത്. 2021ൽ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. മങ്കടയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയ കാർ വർക്കലയിലെ റിസോർട്ടിൽനിന്ന് കണ്ടെടുത്തിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐ പി.എസ്. ബാബു, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ്, കെ.എം. മനോജ്, കെ. അയൂബ് എന്നിവരാണുണ്ടായിരുന്നത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.