തിരുവല്ല: തിരുവല്ല ബൈപാസിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയശേഷം സ്വർണാഭരണവും ബുള്ളറ്റും പണവും കവർന്ന സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന കാപ്പ കേസ് പ്രതി അടക്കം രണ്ടുപേർകൂടി തിരുവല്ല പൊലീസിന്‍റെ പിടിയിലായി. തിരുവല്ല കുളക്കാട് ദർശനയിൽ സ്റ്റാൻ വർഗീസ് (29), കുറ്റപ്പുഴ കോഴിക്കോട്ടുപറമ്പ് വീട്ടിൽ പ്രശോഭ് (22) എന്നിവരാണ് പിടിയിലായത്.
കാപ്പ ചുമത്തി രണ്ടുമാസം മുമ്പ് ജില്ലയിൽനിന്ന് നാട് കടത്തപ്പെട്ട സ്റ്റാൻ വർഗീസ് നിയമം ലംഘിച്ച് ജില്ലയിൽ കടന്നുകയറിയാണ് അതിക്രമം നടത്തിയത്. അടൂർ പറന്തലിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സാഹസികമായാണ് പിടികൂടിയത്. കേസിലെ പ്രധാന പ്രതിയായ കുറ്റപ്പുഴ ആറ്റുചിറ കാട്ടിൽപറമ്പിൽ വീട്ടിൽ റിജോ എബ്രഹാം (29) നേരത്തേ പിടിയിലായിരുന്നു. കഴിഞ്ഞമാസം അഞ്ചാം തീയതി രാത്രി 12ഓടെ ബൈപപാസിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം.
മാവേലിക്കര തട്ടാരമ്പലം കൊച്ചുതറയിൽ വീട്ടിൽ ഇരുപത്തിയൊന്നുകാരനായ അക്ഷയുടെ പരാതിയിലാണ് അറസ്റ്റ്. സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം ട്രാൻസ്ജെൻഡറുമായി സംസാരിച്ചു നിൽക്കവേ അഞ്ചംഗസംഘം അക്ഷയിയെ വളയുകയായിരുന്നു. ട്രാൻസ്ജെൻഡറുമായി സംസാരിച്ചുനിൽക്കുന്ന വിഡിയോ മൊബൈൽ ഫോണിൽ പകർത്തിയ സംഘം ബലമായി അക്ഷയിയെ കുറ്റപ്പുഴ റെയിൽവേ ട്രാക്കിനുസമീപം എത്തിച്ചു. തുടർന്ന് മർദിച്ചശേഷം കഴുത്തിൽ കിടന്നിരുന്ന ഒന്നരപവൻ മാല, ബുള്ളറ്റ്, 20000 രൂപയോളം വില വരുന്ന വാച്ച്, എ.ടി.എം കാർഡ് അടങ്ങുന്ന പഴ്സ് എന്നിവ കൈക്കലാക്കി.
സംഘത്തിന്‍റെ പിടിയിൽനിന്ന് രക്ഷപ്പെട്ടോടിയ അക്ഷയ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ അഭയം പ്രാപിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് അക്ഷയിയുടെ ബുള്ളറ്റുമായി കടക്കാൻ ശ്രമിച്ച റിജോയെ ആർ.പി.എഫ് ഉദ്യോഗസ്ഥർ ചേർന്ന് തടഞ്ഞുവെച്ച് തിരുവല്ല പൊലീസിന് കൈമാറി. ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല സി.ഐ പി.എസ്. വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.